ദില്ലി: പതിനേഴാം ലോക്സഭയുടെ ആദ്യദിനം പാര്ഡലമെന്‍റിന്‍റെ പടികയറാൻ കേരളത്തിൽ നിന്നുള്ള എംപിമാരും ദില്ലിയിലെത്തി. ഇരുപത് പേരിൽ പത്ത് പേരാണ് ഇത്തവണ പുതുമുഖങ്ങളായി ഉള്ളത്. കണ്ടും കേട്ടും അറിഞ്ഞ പാര്‍ലമെന്‍റിലേക്ക് ആദ്യമായി എംപിമാരായി എത്തുമ്പോൾ ഇവരിൽ പലര്‍ക്കും കൗതുകയും തെല്ലൊരാശങ്കയുമൊക്കെയാണ്. 

എല്ലാ അര്‍ത്ഥത്തിലും ഒരു ഫൈറ്റിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി ചെയ്യാവുന്ന നൻമയെല്ലാം ചെയ്യുമെന്നായിരുന്നു തോമസ് ചാഴിക്കാടൻ പറയുന്നത്. പതിമൂന്ന് വര്‍ഷം മുൻപ് യൂത്ത് കോൺഗ്രസിന്‍റെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി  പ്രവര്‍ത്തിച്ച തനിക്കിത് ദില്ലിയിലെ രണ്ടാം ഊഴമാണെന്നും വളരെയധികം സന്തോഷമുണ്ടെന്നും പാലക്കാട് എംപി വികെ ശ്രീകണ്ഠൻ പറഞ്ഞു. 

എംപിമാര്‍ക്കിടയിലെ ഏക വനിതാ സാന്നിദ്ധ്യം ആലത്തൂര്‍ എംപി രമ്യ ഹരിദാസാണ്. സാധാരണ ഉണ്ടായിരന്ന രമ്യ എങ്ങനെയാണോ അങ്ങനെ തന്നെ ആകാൻ കഴിയു എന്നാണ് എംപിയുടെ പ്രതികരണം. കേരനിരകളാടും എന്ന് തുടങ്ങിയ പാട്ടും പാടി രമ്യ ഹരിദാസ്. "

ഇരുപത് പേരിൽ ആകെ ഉള്ള ഒരു ഇടത് പ്രതിനിധിയാണ് എഎം ആരിഫ്. എല്ലാവര്‍ക്കും ഒപ്പം ഒറ്റക്കെട്ടായി എന്നതാണ് ആരിഫിന്‍റെ പോളിസി. ഇന്നലെയും ഇന്ന് രാവിലെയുമായാണ് എല്ലാവരും ദില്ലിയിലെത്തിയത്. മിക്കവരുടേയും കുടുംബാംഗങ്ങളും കൂടെ ഉണ്ട്. ആദ്യദിവസം ഉച്ചക്ക് ശേഷമാണ് കേരളത്തിൽ നിന്നുള്ളവരുടെ സത്യപ്രതിജ്ഞ.