അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾക്കായി റെബേക്ക ലോലോസോലി സ്ഥാപിച്ച ഈ ഗ്രാമം ഇന്ന് ടൂറിസത്തിലൂടെയും കരകൗശല വിദ്യകളിലൂടെയും സ്വയംപര്യാപ്തത നേടിയിരിക്കുന്നു.
പുരുഷന്മാരില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കേൾക്കുമ്പോൾ വിചിത്രം എന്ന് തോന്നുമെങ്കിലും അത്തരത്തിലൊരു സ്ഥലം ഈ ഭൂമിയിലുണ്ട്. കെനിയയിലെ സാംബുരു പ്രവിശ്യയിലെ 'ഉമോജ' എന്ന ഗ്രാമമാണ് പുരുഷൻമാരോട് കടക്കു പുറത്ത് എന്ന് പറഞ്ഞത്. സ്വാഹിലി ഭാഷയിൽ 'ഐക്യം' എന്നർത്ഥമുള്ള ഉമോജ പുരുഷാധിപത്യത്തിന്റെ വേരറുത്ത് സ്ത്രീകൾ പടുത്തുയർത്തിയ ഒരു ലോകം തന്നെയാണ്. അതിജീവനത്തിന്റെ പച്ചയായ യാഥാർത്ഥ്യമാണ് ഇവിടെ കാണാൻ കഴിയുക.
1990-കളിൽ ബ്രിട്ടീഷ് സൈനികരാൽ ബലാത്സംഗം ചെയ്യപ്പെട്ട 1400-ഓളം സാംബുരു സ്ത്രീകൾ സമൂഹത്തിൽ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടായി. ഭർത്താക്കന്മാർ പോലും ഇവരെ കയ്യൊഴിഞ്ഞു. കടുത്ത അവഗണനകൾ ഏറ്റുവാങ്ങിയ ഇവരെ 'അശുദ്ധർ' എന്ന് മുദ്രകുത്തുകയും ചെയ്തു. ഗാർഹിക പീഡനവും ബാലവിവാഹവും നിർബന്ധിത ആചാരങ്ങളും കൊണ്ട് ശ്വാസംമുട്ടിയ ആ സ്ത്രീകൾക്ക് മുന്നിൽ അന്ന് എല്ലാ വഴികളും കൊട്ടിയടക്കപ്പെട്ടു.
അക്കൂട്ടത്തിൽ ബലാത്സംഗത്തിനിരയായി ഭർത്താവ് ഉപേക്ഷിച്ച റെബേക്ക ലോലോസോലി എന്ന ധീരവനിതയാണ് സ്ത്രീകളുടെ ഈ ദുരവസ്ഥയ്ക്ക് അറുതി വരുത്തിയത്. തന്നെപ്പോലെ സമൂഹം പുറത്താക്കിയ 15 സ്ത്രീകളെ അവർ ചേർത്തുപിടിച്ചു. 1990-ൽ ഉമോജ എന്ന അഭയകേന്ദ്രം സ്ഥാപിച്ചു. അവിടെ കർശനമായ നിയമങ്ങൾ നടപ്പിലാക്കി. ഉമോജയുടെ മണ്ണിൽ ഒരു പുരുഷനും അവകാശമില്ല എന്നതായിരുന്നു അതിൽ പ്രധാനം. പുരുഷന്മാർക്ക് ഈ ഗ്രാമം സന്ദർശിക്കാം. പക്ഷേ, അവിടെ താമസിക്കാനോ ഒരു പിടി മണ്ണിൽ അവകാശമോ ഇല്ല. ഇവിടെ ഭരണാധികാരികളും കാര്യങ്ങൾ തീരുമാനിക്കുന്നതുമെല്ലാം സ്ത്രീകൾ തന്നെയാണ്.
ഇന്ന് ബലാത്സംഗം ചെയ്യപ്പെട്ടവർ മാത്രമല്ല, ഗാർഹിക പീഡനത്തിൽ നിന്ന് രക്ഷപ്പെട്ടവരും വിവാഹത്തോട് വിമുഖതയുള്ളവരും അനാഥരായ പെൺകുട്ടികളുമെല്ലാം ഉമോജ ഗ്രാമത്തിൽ സമാധാനത്തോടെ കഴിയുന്നു. തുടക്കത്തിൽ കൃഷിയിലൂടെയായിരുന്നു ഇവരുടെ ഉപജീവനമെങ്കിൽ പിന്നീട് സ്ഥിതി മാറി. ആഭരണ നിർമ്മാണം, കരകൗശല വിദ്യകൾ എന്നിവ അവർ പഠിച്ചെടുത്തു. ഇന്ന് ഉമോജയുടെ പ്രധാന വരുമാനമാർഗ്ഗം ടൂറിസമാണ്. ഗ്രാമത്തിന്റെ കഥയറിഞ്ഞ് എത്തുന്ന സഞ്ചാരികൾക്കായി അവർ താമസസൗകര്യങ്ങളും മ്യൂസിയവുമെല്ലാം ഒരുക്കിയിട്ടുണ്ട്. ഭീഷണികളെയും അക്രമങ്ങളെയും അതിജീവിച്ച ആ സ്ത്രീകളുടെ പേരിൽ ഒടുവിൽ സർക്കാർ തന്നെ ഈ ഭൂമി എഴുതിക്കൊടുക്കുകയായിരുന്നു.
2005-ൽ വെറും 30 സ്ത്രീകളും 50 കുട്ടികളുമായി തുടങ്ങിയ ഈ ഗ്രാമത്തിൽ ഇന്ന് നൂറുകണക്കിന് അന്തേവാസികളുണ്ട്. സ്വന്തമായി സ്കൂളും ക്ലിനിക്കുമെല്ലാം അവർ നടത്തുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ ഇവർ തയ്യാറായില്ല. ഒരു പുരുഷന്റെയും സഹായമില്ലാതെ ജീവിക്കാമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് ഉമോജയിലെ ഓരോ സ്ത്രീകളും.


