'ഡാഡി ഈസ് ഹോം...'; യഷിന്റെ ടോക്സിക് ചിത്രീകരിച്ച 5 ലൊക്കേഷനുകൾ ഇവയാണ്
കെജിഎഫ് താരം യഷിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ടോക്സിക്. ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ടോക്സിക്കിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ ഏതൊക്കെയാണെന്ന് നോക്കാം.

മുംബൈ
ടോക്സിക്കിന്റെ വലിയൊരു ഭാഗം മുംബൈയിലാണ് ചിത്രീകരിച്ചത്. മാധ് ഐലൻഡ്, വെർസോവ ജെട്ടി, അഫ്ഗാൻ ചർച്ച്, ഫിലിം സിറ്റി തുടങ്ങിയ പരിചിതമായ സ്ഥലങ്ങളിലാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ഏകദേശം 45 ദിവസം മുംബൈ നഗരത്തിൽ ഷൂട്ടിംഗ് നടത്തിയിട്ടുണ്ട്. മുംബൈയിലെ പഴയ കെട്ടിടങ്ങൾ, വ്യാവസായിക കേന്ദ്രങ്ങൾ, കടൽ കാഴ്ചകൾ എന്നിവ ഒരു അധോലോക കഥയ്ക്ക് അനുയോജ്യമായി മാറുന്നു.
ബെംഗളൂരു
ഷൂട്ടിംഗിന്റെ അവസാന ഘട്ടം ബെംഗളൂരുവിലാണ് പുരോഗമിച്ചത്. പ്രധാനമായും എച്ച്എംടി ലാൻഡിലെ പീനിയ-ജലഹള്ളി പ്രദേശം. 1980 കളിലെയും 90 കളിലെയും രംഗങ്ങൾ ചിത്രീകരിക്കാൻ ഇവിടെ കൂറ്റൻ സെറ്റുകളാണ് നിർമ്മിച്ചത്. നഗരത്തിന്റെ പഴയ സ്പന്ദനം സിനിമയിലുടനീളം വ്യാപിക്കുന്നുണ്ട്. വിന്റേജ് ഗ്യാങ്സ്റ്റർ ലോകം ചിത്രീകരിക്കാൻ ബെംഗളൂരു എല്ലാ പിന്തുണയും നൽകിയിരുന്നു.
ജയ്പൂർ
ചിത്രത്തിൽ ജയ്പൂരിന്റെ റോൾ വ്യത്യസ്തമാണ്. ഒരു പ്രത്യേക ഗാനരംഗത്തിലാണ് ജയ്പൂരിന്റെ ഭംഗി ചിത്രീകരിച്ചിരിക്കുന്നത്. കൃത്യമായ സ്ഥലം ഇപ്പോഴും വ്യക്തമല്ല. രാജസ്ഥാനിലെ കൊട്ടാരങ്ങളോ പൈതൃക തെരുവുകളോ സ്‌ക്രീനിൽ കാണാൻ പ്രേക്ഷകരും യാത്രാ പ്രേമികളുമെല്ലാം ഒരുപോലെ കാത്തിരിക്കുകയാണ്. നിറങ്ങളുടെയും ഗാംഭീര്യത്തിന്റെയും ഒരു തിളക്കം ജയ്പൂർ സമ്മാനിക്കുന്നുണ്ട്.
തൂത്തുക്കുടി
സിനിമയുടെ ഒരു ആക്ഷൻ രംഗം ചിത്രീകരിച്ചത് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ്. തിരക്കേറിയ തുറമുഖങ്ങൾ, തീരപ്രദേശം എന്നിവയാൽ പ്രശസ്തമാണ് ഇവിടം. ഈ രംഗത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്നാൽ, തൂത്തുക്കുടിയുടെ പശ്ചാത്തലം ചിത്രത്തിന് ഒരു പരുക്കൻ സ്വഭാവം നൽകുന്നുണ്ട്.
ഗോവ
ടോക്സിക്കിൽ 1980-കളിലെ അധോലോകത്തിലേക്ക് കഥ നീങ്ങുമ്പോൾ ഗോവ ഒരു പ്രധാന ഷൂട്ടിംഗ് ലൊക്കേഷനായി മാറുന്നു. പാലോലം ബീച്ചിൽ ഷൂട്ടിംഗ് നടന്നിരുന്നു. പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടയിടമാണിത്. ഇത് കൂടാതെ, ലണ്ടൻ, ഹൈദരാബാദ്, ശ്രീലങ്ക എന്നിവിടങ്ങളിലും ഷൂട്ടിംഗ് നടന്നിരുന്നു.
വൻ താരനിര
യഷിന് പുറമെ നയൻതാര, കിയാര അദ്വാനി, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഗീതു മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2026 മാർച്ച് 19നാണ് ടോക്സിക് തിയേറ്ററുകളിലെത്തുക.

