ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി. ജമ്മു കശ്മീരിന് സവിശേഷ അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദമായ 370 റദ്ദാക്കിയുള്ള സർക്കാർ തീരുമാനത്തിൽ താൻ സന്തുഷ്ടനാണെന്നും ദേശീയ സമന്വയം ശക്തിപ്പെടുത്തുന്നതിനുള്ള ധീരമായ നടപടിയാണിതെന്ന് താൻ വിശ്വസിക്കുന്നതായും അദ്വാനി പറഞ്ഞു.

ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കുകയെന്നത് ജനസംഘത്തിന്റെ കാലം മുതൽ ബിജെപിയുടെ പ്രധാന പ്രത്യയശാസ്ത്രമായിരുന്നുവെന്നും അദ്വാനി പറഞ്ഞു. ചരിത്രപരമായ ഈ സംരംഭത്തിന് ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അഭിനന്ദിക്കുകയും ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ സമാധാനം, അഭിവൃദ്ധി, പുരോഗതി എന്നിവയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായും അദ്വാനി അറിയിച്ചു.

ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയത് ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നുമാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്. ഇന്ത്യയുടെ തീരുമാനത്തെ എതിര്‍ക്കുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കശ്മീരിലെ ജനങ്ങള്‍ ഈ തീരുമാനം അംഗീകരിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.