Asianet News MalayalamAsianet News Malayalam

ലോൺ ആപ്പുകൾക്ക് പിടി വീഴും; ദില്ലിയിൽ ആദ്യഘട്ട യോ​ഗം; അം​ഗീകൃത ആപ്പുകളുടെ പട്ടികയെക്കുറിച്ചും ചർച്ച

നിലവിലെ ആപ്പുകളുടെ നിയന്ത്രണം സംബന്ധിച്ച് പ്രസൻ്റേഷനും നടന്നു. 

Loan apps will catch  First phase meeting  Delhi sts
Author
First Published Oct 13, 2023, 10:41 PM IST

ദില്ലി: ലോൺ ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്രം. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ അധ്യക്ഷതയിൽ ദില്ലിയിൽ ഉന്നതലയോഗം ചേർന്നു. റിസർവ് ബാങ്ക്, ധന ഐടി മന്ത്രാലയ ഉദ്യോഗസ്ഥർ യോ​ഗത്തിൽ പങ്കെടുത്തു. നിലവിലെ ആപ്പുകളുടെ നിയന്ത്രണം സംബന്ധിച്ച് പ്രസൻ്റേഷനും നടന്നു. അംഗീകൃത ആപ്പുകളുടെ പട്ടിക പുറത്തിറക്കുന്നതിനെ സംബന്ധിച്ചും ചർച്ച നടന്നു. ആദ്യ ഘട്ട യോഗമാണ് നടന്നതെന്ന് ഐ ടി  മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

കേരളത്തില്‍ ലോണ്‍ ആപ്പിന്‍റെ ചതിക്കെണിയില്‍ പെട്ട് ജീവനൊടുക്കിയവരുടെ വാര്‍ത്തകളാണ് ഓരോ ദിവസം പുറത്തുവരുന്നത്. തുടര്‍ന്ന് കടുത്ത നടപടികളുമായി കേരള പൊലീസ് രംഗത്തെത്തിയിരുന്നു.  പ്ലേ സ്റ്റോറില്‍ നിന്ന് 70ഓളം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്‌തെന്ന് കേരളാ പൊലീസ് അറിയിച്ചു. സൈബര്‍ ഓപ്പറേഷന്‍ സംഘമാണ് വ്യാജ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്‌തെന്ന് പൊലീസ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. 

72 വെബ്‌സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും കേരളാ പൊലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. സൈബര്‍ ഓപ്പറേഷന്‍ എസ്പിയാണ് കഴിഞ്ഞ ആഴ്ച നോട്ടീസ് നല്‍കിയത്. തട്ടിപ്പ് നടത്തുന്ന ലോണ്‍ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസ് നല്‍കിയിരുന്നത്. 

അതേസമയം, അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാല്‍ 9497 980900 എന്ന നമ്പറിലെ വാട്‌സ്ആപ്പില്‍ 24 മണിക്കൂറും ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാമെന്നും പൊലീസ് പറഞ്ഞു. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടു വിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൈബര്‍ പൊലീസിന്റെ ഹെല്‍പ് ലൈനായ 1930ലും വിളിച്ച് പരാതി പറയാമെന്ന് പൊലീസ് അറിയിച്ചു. 

ഗൂഗിള്‍ പേ ആപ്ലിക്കേഷനില്‍ കാണുന്ന ലോണ്‍ അംഗീകൃതം ആണോയെന്ന ചോദ്യത്തിനും കഴിഞ്ഞദിവസം പൊലീസ് മറുപടി നല്‍കിയിരുന്നു. വായ്പാ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, സുരക്ഷിതവുമായ വെബ്‌സൈറ്റും മേല്‍വിലാസവും ഉണ്ടോയെന്ന് പരിശോധിക്കണം. ഓണ്‍ലൈന്‍ വായ്പകള്‍ പരമാവധി ഒഴിവാക്കണം. എടുക്കുന്നെങ്കില്‍ ഏജന്‍സിയുടെ കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടുള്ളതും ക്രെഡിറ്റ് ഹിസ്റ്ററി മികച്ചതുമായ ആപ്പുകള്‍ തിരഞ്ഞെടുക്കണമെന്നും പൊലീസ് പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

Follow Us:
Download App:
  • android
  • ios