തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുളളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകണം എന്നും ഉത്തരവില്‍ പറയുന്നു. സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാര, വ്യവസായ സ്ഥാപനത്തിലോ ജോലിചെയ്യുന്നവര്‍ക്ക് പഞ്ചായത്ത്-മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനാണ് അവധി. അവധിയെടുക്കുന്ന വ്യക്തികളുടെ വേതനം നിഷേധിക്കാൻ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ ഒമ്പതിന് പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബർ 11 ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ആതുപോലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡ്രൈ ഡേ ഉത്തരവും നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. തെക്കൻ ജില്ലകളിൽ ഡിസംബർ 7ന് വൈകീട്ട് ആറ് മുതൽ 9 ന് വൈകുന്നേരം ആറ് വരെയും വടക്കൻ ജില്ലകളിൽ ഡിസംബർ 9ന് വൈകുന്നേരം ആറ് മുതൽ 11ന് വൈകുന്നേരം ആറ് വരെയുമാണ് മദ്യനിരോധനം. വോട്ടെണ്ണൽ ദിനമായ ഡിസംബർ 13നും സംസ്ഥാനത്താകെ ഡ്രൈ ഡേ ആയിരിക്കും. ഡിസംബർ 9,11 തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 13നാണ് വോട്ടെണ്ണൽ.
പ്രധാന വിവരങ്ങൾ ഇങ്ങനെ
ഈ തിരഞ്ഞെടുപ്പിൽ ആകെ 75,644 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
മൊത്തം സ്ഥാനാർത്ഥികളിൽ 39,609 സ്ത്രീകളും 36,034 പുരുഷന്മാരുമാണുള്ളത്.
മൊത്തത്തിൽ, പുരുഷ സ്ഥാനാർത്ഥികളെക്കാൾ (36,034) കൂടുതൽ വനിതാ സ്ഥാനാർത്ഥികൾ (39,609) മത്സരിക്കുന്നു.
ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി മാത്രമാണ് മത്സര രംഗത്തുള്ളത്. അത് തിരുവനന്തപുരം ജില്ലയിലാണ്.
ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് മലപ്പുറം ജില്ലയിലാണ്, ആകെ 8,381 സ്ഥാനാർത്ഥികൾ.
മലപ്പുറത്ത് 4,019 സ്ത്രീകളും 4,362 പുരുഷന്മാരുമാണ് മത്സരിക്കുന്നത്. സ്ത്രീകളേക്കാൾ പുരുഷന്മാർ മത്സരിക്കുന്ന ഏക ജില്ലയും മലപ്പുറമാണ്.
എറണാകുളം (7,374), തൃശ്ശൂർ (7,284) എന്നീ ജില്ലകളാണ് കൂടുതൽ സ്ഥാനാർത്ഥികളുള്ള മറ്റ് രണ്ട് ജില്ലകൾ.
വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്, ആകെ 1,968 പേർ.
കൂടുതൽ സ്ത്രീകൾ സ്ഥാനാർത്ഥികളായ ജില്ല മലപ്പുറം
കൂടുതൽ പുരുഷ സ്ഥാനാർത്ഥികളുള്ളതും മലപ്പുറം ജില്ലയിലാണ്.
കുറഞ്ഞ സ്ഥാനാർത്ഥികളുള്ള രണ്ടാമത്തെ ജില്ല കാസർഗോഡാണ്, ഇവിടെ 2,855 സ്ഥാനാർത്ഥികളാണുള്ളത്.
മൂന്നാം സ്ഥാനത്ത് ഇടുക്കിയാണ്, ഇവിടെ ആകെ 3,102 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.


