കോഴിക്കോട് കുന്നമംഗലത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് വടകര എംപി ഷാഫി പറമ്പില്‍. പാലക്കാട് എംഎല്‍എ രാഹുൽ രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പരാതിയില്‍ ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു

കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് വടകര എംപി ഷാഫി പറമ്പില്‍. പാലക്കാട് എംഎല്‍എ രാഹുൽ രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പരാതിയില്‍ ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുൽ നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും മുൻ‌കൂർ ജാമ്യ ഹർജി നിയമപരമായ നടപടികളുടെ ഭാഗമാണെന്നും ഷാഫി പറഞ്ഞു. പരുപാടിയില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് ഷാഫി നടത്തിയത്. ശബരിമല കൊള്ളയിൽ സിപിഎം പ്രതിരോധത്തിലാണെന്നും മറ്റുള്ളവരെ ധർമ്മികത പഠിപ്പിക്കുന്നവർ അവരവരുടെ കാര്യത്തിൽ എന്ത് ചെയ്തു എന്ന് ചിന്തിക്കണം. ശബരിമലയിൽ കട്ടത് കോൺഗ്രസിന്റെ മുൻ എംഎൽഎയോ നേതാവോ ആയിരുന്നെങ്കിൽ സിപിഎം എന്തൊക്ക പറയുമായിരുന്നു. ജയിലിൽ ആയ നേതാക്കൾക്ക് എതിരെ ഒരു നടപടിയും സിപിഎം എടുക്കുന്നില്ല. ഒരു പ്രതികരണം പോലും മുഖ്യമന്ത്രി നടത്തുന്നില്ല. നടപടി എടുത്താൽ അകത്തുള്ള നേതാക്കൾ പുറത്തുള്ളവരുടെ പേര് പറയും എന്ന് സിപിഎമ്മിന് ഭയമാണ്. കേരളത്തിൽ കോൺഗ്രസിനെ തകർക്കാൻ സിപിഎം ബിജെപി ബാന്ധവമുണ്ട് എന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകിയിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത് പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ്. എന്നാല്‍ പീഡനാരോപണം രാഹുല്‍ നിഷേധിക്കുകയാണ്. ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു. കൂടാതെ യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ് എന്നും അന്വേഷണവുമായി സഹകരിക്കും അത് നേരത്തെ പറഞ്ഞിട്ടുള്ളതാണ് എന്നും ഹർജിയില്‍ പറയുന്നു. കൂടാതെ പൊലീസിന്‍റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിന്‍റെ ഹര്‍ജിയിലുണ്ട്. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

YouTube video player

YouTube video player