റാഞ്ചി: ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇടയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചയാളുടെ സംസ്കാരം അനുവദിക്കില്ലെന്ന വാദവുമായി തടിച്ച് കൂടി നാട്ടുകാര്‍. റാഞ്ചിയിലെ റാതു റോഡിലെ ശ്മശാനത്തിന് മുന്നിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി തടിച്ച് കൂടിയത്. ഇന്ന് പലര്‍ച്ചെയാണ് കൊറോണ വൈറസ് ബാധയേത്തുടര്‍ന്ന്  റാഞ്ചിയില്‍ ഒരാള്‍ മരിച്ചത്. ഇയാളുടെ മൃതദേഹം സംസ്കാരിക്കാനായി ആരോഗ്യവകുപ്പും ആശുപത്രി ജീവനക്കാരും ശ്രമിച്ചപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. 

സാമൂഹ്യ അകലം പാലിക്കാനും ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളും മറികടന്ന് നിരവധിയാളുകളാണ് ശ്മശാനത്തിന് മുന്നില്‍ തടിച്ചുകൂടിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചയാളെ ശ്മശാനത്തില്‍ സംസ്കരിക്കുന്നില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും ആളുകള്‍ പിരിഞ്ഞ് പോകാന്‍ തയ്യാറായില്ലെന്ന് എസ് പി അജിത് പീറ്റര്‍ ഡംഗ് പറയുന്നു. ശ്മശാനത്തിന്‍റെ ഗേറ്റുകള്‍ അടച്ച് ഇവര്‍ മടങ്ങിപ്പോവാനൊരുങ്ങിയിട്ടും ആളുകള്‍ പിരിഞ്ഞ് പോയില്ല.

തടിച്ച് കൂടിയവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് നീക്കം. റാഞ്ചി സ്വദേശി തന്നെയായ ഹിന്ദ്പിരി മേഖലയില്‍ താമസിക്കുന്നയാളാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. റാഞ്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു ഇയാള്‍ മരിച്ചത്. മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനോടകം 17  കൊവിഡ് 19 കേസുകളാണ് ജാര്‍ഖണ്ഡില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.