ദില്ലി: കൊവിഡ് കാലത്തെ ലോക്ക്ഡൗണില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ലോക്ക്ഡൗണ്‍ കാലത്ത് ദരിദ്രരെ സഹായിക്കുന്നതില്‍ ഹൃദയശൂന്യരാണ് കേന്ദ്ര സര്‍ക്കാരെന്ന് ചിദംബരം വിമര്‍ശിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് പാവങ്ങളുടെ കൈയില്‍ പണമില്ലെന്നതിന്റെ തെളിവാണ് ഭക്ഷണ ശേഖരിക്കാന്‍ എത്തുന്നവരുടെ നീണ്ട നിര. ഹൃദയശൂന്യമായ ഇങ്ങനെ ഒന്നും ചെയ്യാതെ നില്‍ക്കാനാകൂവെന്നും ചിദംബരം ആരോപിച്ചു. 

പാവപ്പെട്ടവര്‍ക്ക് പണം നല്‍കി വിശപ്പകറ്റാനും അവരുടെ അന്തസ്സ് കാക്കാനും എന്തുകൊണ്ട് നടപടിയെടുത്തില്ല, ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ധാന്യം സൗജന്യമായി പാവങ്ങള്‍ക്ക് നല്‍കാന്‍ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നീ ചോദ്യങ്ങളും ചിദംബരം ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പരാജയപ്പെട്ടെന്നും രാജ്യം നിസ്സാഹയതയോടെ നോക്കി നില്‍ക്കുകയാണെന്നും ചിദംബരം ട്വീറ്റ് ചെയ്തു. 

ആദ്യഘട്ട ലോക്ക്ഡൗണ്‍ പിന്നിട്ട് രാജ്യം രണ്ടാം ഘട്ട ലോക്ക്ഡൗണിലാണ്. ഇതിനിടെ കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുള്ള പലായനവും തെരുവുകളില്‍ ജീവിക്കുന്നവരുടെ സുരക്ഷിതത്വവും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടി തലത്തില്‍11 അംഗ സമിതിയെ രൂപീകരിച്ചിരുന്നു. പിന്നാലെയാണ് കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ചിദംബരം രംഗത്തെത്തിയത്.