സൂറത്ത്: ഗുജറാത്തിലെ വ്യവസായ നഗരമായ സൂറത്തില്‍ കുടിയേറ്റ തൊഴിലാളികളും പൊലീസും ഏറ്റുമുട്ടി. നാട്ടില്‍ പോകണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ തൊഴിലാളികളാണ് പൊലീസുമായി ഏറ്റുമുട്ടിയത്. സൂറത്ത് മാര്‍ക്കറ്റിന് സമീപത്തെ വരേലിയിലാണ് സംഭവം. ഡയമണ്ട്, ടെക്‌സ്റ്റൈല്‍ മേഖലയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയത്.

തൊഴിലാളികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ന്ന് തൊഴിലാളികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കുടിയേറ്റ തൊഴിലാളികളും പൊലീസും ഏറ്റുമുട്ടുന്ന നാലാമത്തെ സംഭവമാണ് സൂറത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ബസുകളിലും ട്രെയിനിലും തൊഴിലാളികളെ തിരിച്ചെത്തിക്കല്‍ തുടങ്ങി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 18 ട്രെയിനുകളിലായി 21,000 തൊഴിലാളികളെ തിരിച്ചയച്ചു. ഗുജറാത്തില്‍ 40 ലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് കണക്ക്. പാലര്‍പുര്‍ പാട്യയിലും പൊലീസും തൊഴിലാളികളും ഏറ്റുമുട്ടി. 

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.