ദില്ലി: സംസ്ഥാനത്ത് നിന്ന് മടങ്ങരുതെന്ന് അതിഥി തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ പ്രശ്നങ്ങള്‍ മാറുമെന്നും അവര്‍ക്ക് ജോലികള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ എവിടെയാണോ, അവിടെ തന്നെ നിങ്ങള്‍ തുടരണം. സര്‍ക്കാര്‍ നിങ്ങള്‍ക്കായി ട്രെയിനുകള്‍ ശരിയാക്കുന്നുണ്ട്.

പക്ഷേ, ലോക്ക് ഡൗണ്‍ ഉടന്‍ തന്നെ അവസാനിക്കും. എല്ലാം പഴയപടി തന്നെയാകും. ഇതോടെ ജോലികള്‍ ലഭിക്കും. അതുകൊണ്ട് നിങ്ങള്‍ ദില്ലി വിടരുതെന്ന് കെജ്‍രിവാള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി സംസാരിച്ച് അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാനുള്ള ട്രെയിനുകള്‍ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ദില്ലി വിടുന്നത് നിങ്ങള്‍ക്കും കുടുംബത്തിനും ആപത്താണെന്നും കെജ്‍രിവാള്‍ പറഞ്ഞു. അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ആശങ്കയുയർത്തുന്ന വിധം കൂടുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യവുമായി നാല് സംസ്ഥാനങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. ബിഹാറും ഝാർഖണ്ടും ഒഡിഷയും തെലങ്കാനയുമാണ് ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടണമെന്ന് കേന്ദ്ര സ‍ർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോക്ക്ഡൗൺ മൂന്നാം ഘട്ടം അവസാനിക്കാൻ ഇനി ഏഴ് ദിവസം മാത്രമുള്ള സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നാളെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നുണ്ട്. പതിവ് പോലെ വീഡിയോ കോൺഫറൻസിംഗ് വഴിയാകും ലോക്ക്ഡൗൺ സാഹചര്യങ്ങൾ വിലയിരുത്താനുള്ള ഈ യോഗം നടക്കുക. നാളെ ഉച്ചയ്ക്ക് 3 മണിക്കാകും കൂടിക്കാഴ്ച. ഗുരുതരമായ രീതിയിൽ കൊവിഡ് ബാധിച്ച സംസ്ഥാനങ്ങളുടെ പ്രശ്നങ്ങളാകും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക. ഇതിനിടെ അതിഥി തൊഴിലാളികൾക്ക് നൂറു ട്രെയിനുകൾ വരെ പ്രതിദിനം ഓടിക്കാൻ ഇന്നത്തെ യോഗത്തിൽ ധാരണയായിട്ടുണ്ട്.