Asianet News MalayalamAsianet News Malayalam

വിവാഹത്തിൽ പങ്കെടുക്കുന്നവർക്ക് 'ആരോ​ഗ്യസേതു' നിർബന്ധം; പുതിയ മാർ​ഗനിർദ്ദേശവുമായി കർണാടക

അമ്പതിൽ അധികം ആളുകൾ വിവാഹത്തിൽ പങ്കെടുക്കാൻ പാടില്ല. പങ്കെടുക്കുന്നവരെല്ലാം ഫോണിൽ ആരോ​ഗ്യസേതു ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്തിരിക്കണമെന്നും മാർ​ഗനിർദ്ദേശത്തിലുണ്ട്. 

lockdown karnataka release new guidelines for marriages
Author
Bengaluru, First Published May 15, 2020, 8:17 PM IST

ബം​ഗളൂരു: കർണാടകത്തിൽ വിവാഹങ്ങൾ നടത്തുന്നതിന് പുതിയ മാർ​ഗനിർദ്ദേശം പുറത്തിറക്കി. അമ്പതിൽ അധികം ആളുകൾ വിവാഹത്തിൽ പങ്കെടുക്കാൻ പാടില്ല. പങ്കെടുക്കുന്നവരെല്ലാം ഫോണിൽ ആരോ​ഗ്യസേതു ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്തിരിക്കണമെന്നും മാർ​ഗനിർദ്ദേശത്തിലുണ്ട്. 

ലോക്ക്ഡൗണിനിടെ കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍റെ വിവാഹച്ചടങ്ങിൽ അമ്പതിലധികം പേർ പങ്കെടുത്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ പുതിയ മാർ​ഗനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

വിവാഹവേദിയിലേക്ക് എത്തിയവരുടെ വിവരങ്ങൾ സർക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു സർക്കാർ വാദം. എന്നാൽ ഇതിൽ പഴുത് കണ്ടെത്തുന്നത് ശരിയല്ലെന്ന് കോടതി വിമർശിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ രാമനഗര ജില്ലാ കളക്ടർക്ക് ആരാണ് അധികാരം നൽകിയതെന്നും കോടതി ചോദിച്ചിരുന്നു. 

ലോക്ക്ഡൗണിനിടെ ഏപ്രിൽ പതിനേഴിനാണ് കുമാരസ്വാമിയുടെ മകൻ നിഖിലും രേവതിയും വിവാഹിതരായത്. രാമനഗരയിലെ ഫാംഹൗസിലായിരുന്നു ചടങ്ങുകൾ. സാമൂഹിക അകലം പാലിക്കാതെയും മുഖാവരണമില്ലാതെയും ചടങ്ങ് നടത്തിയതിൽ വിമർശനം ഉയർന്നിരുന്നു. കൂടുതൽ ആളുകൾ പങ്കെടുത്തതും ചർച്ചയായി. നിയന്ത്രണങ്ങൾ പാലിച്ചാണ് വിവാഹമെന്ന് പ്രതികരിച്ച് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ കുമാരസ്വാമിക്ക് പിന്തുണ നൽകിയതും വിവാദമായിരുന്നു. 

Follow Us:
Download App:
  • android
  • ios