Asianet News MalayalamAsianet News Malayalam

ഇടവേളയ്ക്ക് ശേഷം ഉത്തരേന്ത്യയിൽ വീണ്ടും വെട്ടുക്കിളി ആക്രമണം

ഹരിയാനിൽ നിലവിൽ കാർഷിക വിളകൾക്ക് നാശനഷ്ടമില്ലെന്നാണ് റിപ്പോർട്ടുകൾ. തെക്ക് പടിഞ്ഞാറൻ ദില്ലിയിലെ  കർഷകർക്കും ദില്ലി സർക്കാർ ജാഗ്രത നിർദ്ദേശം നൽകി. 

locusts moving from gurugram to uttarpradesh
Author
Gurugram, First Published Jun 27, 2020, 6:57 PM IST

ദില്ലി: ഒരിടവേളയ്ക്ക് ശേഷം ഉത്തരേന്ത്യ വീണ്ടും വെട്ടുക്കിളി ആക്രമണ ഭീഷണിയിൽ. ആക്രമണം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ല മജിസ്ട്രേറ്റുമാർക്ക് ദില്ലി സർക്കാർ നിർദ്ദേശം നൽകി. കാറ്റിന്റെ ദിശയനുസരിച്ച് വെട്ടുകിളികൾ ഉത്തർപ്രദേശിലേക്ക് കടക്കുമെന്ന് കേന്ദ്ര
കാർഷിക മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ദേശീയ തലസ്ഥാന മേഖലയായ ഗുരുഗ്രാമിൽ നിന്നാണ് വീണ്ടും വെട്ടുകിളി ആക്രമണത്തിന്റെ റിപ്പോർട്ടുകൾ പുറത്ത് വന്നത്. കൃഷിയിടങ്ങൾക്ക് പിന്നാലെ നഗരത്തിലെ റസി‍ഡൻഷ്യൽ മേഖലകളിൽ ഉൾപ്പെടെ വെട്ടുകിളി പറന്ന് എത്തിയതോടെ താമസക്കാർ പരിഭ്രാന്തിയിലായി. നിലവിൽ തെക്കു പടിഞ്ഞാറൻ ദില്ലി അതിർത്തി വഴി ഉത്തർപ്രദേശിലേക്കാണ് ഇവയുടെ സഞ്ചാരം. 

ഹരിയാനിൽ നിലവിൽ കാർഷിക വിളകൾക്ക് നാശനഷ്ടമില്ലെന്നാണ് റിപ്പോർട്ടുകൾ. തെക്ക് പടിഞ്ഞാറൻ ദില്ലിയിലെ  കർഷകർക്കും ദില്ലി സർക്കാർ ജാഗ്രത നിർദ്ദേശം നൽകി. നഗരമേഖലകൾ സഞ്ചാരപാതിയിൽ ഉൾപ്പെട്ടതോടെ ജനങ്ങൾക്കും ദില്ലി സർക്കാർ ജാഗ്രത നിർ‍ദ്ദേശം നൽകി. വെട്ടുകിളി വീടിനകത്ത് കയറാതിരിക്കാൻ വാതിലുകളും ജനാലകളും അടച്ചിടുക. ചെടികൾ പ്ലാസ്റ്റിക് കവറുകൾ കൊണ്ടു മൂടുക, വലിയ
ശബ്ദം ഉണ്ടാക്കി ഇവയെ അകറ്റുക  തുടങ്ങിയ നി‍ർദ്ദേശങ്ങൾ നഗരത്തിലെ താമസക്കാർക്ക് നൽകിയിട്ടുണ്ട്. വെട്ടുകിളിക്കെതിരെ കീടനാശിനി തളിക്കാനും നിർദ്ദേശമുണ്ട്. ദില്ലി വിമാനത്താവളത്തിലും ജാഗ്രത നിർദ്ദേശം നൽകി.

കഴിഞ്ഞ മാസം രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ് , യുപി സംസ്ഥാനങ്ങളിൽ വലിയ കൃഷി നാശം വെട്ടുകിളികൾ വരുത്തിയിരുന്നു. ഈ മാസം ആദ്യവാരം കാലവർഷമെത്തിയതോടെ വെട്ടുകിളി സംഘം രാജസ്ഥാൻ പാക്കിസ്ഥാൻ അതിർത്തിയിലെ മണൽ പ്രദേശത്തേക്ക് നീങ്ങിയിരുന്നു. എന്നാൽ ഉത്തരേന്ത്യയിൽ അനൂകൂല കാലവസ്ഥ ആയതോടെയാണ്  വീണ്ടും സഞ്ചാരം തുടങ്ങിയത്.  ഇന്ത്യയിൽ വെട്ടുക്കിളി
ആക്രമണമുണ്ടായേക്കുമെന്ന് ഫുഡ് ആൻറ് അഗ്രികൾച്ചർ ഓർഗനൈസേഷൻ,  എഫ്എഓ എന്നീ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Follow Us:
Download App:
  • android
  • ios