കടുത്ത ഉഷ്‌ണത്തിനുള്ള സാധ്യതകള്‍ക്കിടയിലും 70 ശതമാനത്തിലധികം പോളിംഗാണ് പഞ്ചാബില്‍ പ്രതീക്ഷിക്കുന്നത്

ചണ്ഡീഗഢ്: രാജ്യത്ത് പലയിടത്തും ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കേ വോട്ട‍ര്‍മാര്‍ക്ക് എയര്‍ കൂളറുകളും ഫാനുകളും അടക്കം വിപുലമായ സംവിധാനങ്ങളൊരുക്കാന്‍ പഞ്ചാബ്. ജൂണ്‍ ഒന്നാം തിയതിയാണ് പഞ്ചാബിലെ 13 ലോക്സഭ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ പഞ്ചാബിലെ പോളിംഗ് സ്റ്റേഷനുകള്‍ കൂടുതല്‍ വോട്ടര്‍ സൗഹാര്‍ദമാകും. കഠിനമായ ചൂടിന് സാധ്യതയുള്ളതിനാല്‍ പോളിംഗ് സ്റ്റേഷനുകളില്‍ കുടിവെള്ളവും ഫാനും എയര്‍ കൂളറുകളും അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ചീഫ് ഇലക്‌ടറല്‍ ഓഫീസര്‍ സിബിന്‍ സി ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കുടിവെള്ളം, കൂളറുകള്‍ അല്ലെങ്കില്‍ ഫാനുകള്‍, തണല്‍ സൗകര്യം തുടങ്ങിയവ പോളിംഗ് കേന്ദ്രങ്ങളില്‍ ഒരുക്കുമെന്ന് അദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറ‍ഞ്ഞു. വോട്ടിംഗിനായി എത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും വോട്ടര്‍മാരെ സഹായിക്കാന്‍ വോളണ്ടിയര്‍മാരെയും ഒരുക്കും. 

കടുത്ത ഉഷ്‌ണത്തിനുള്ള സാധ്യതകള്‍ക്കിടയിലും 70 ശതമാനത്തിലധികം പോളിംഗാണ് പഞ്ചാബില്‍ പ്രതീക്ഷിക്കുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 65.96 ശതമാനം ആയിരുന്നു പഞ്ചാബിലെ പോളിംഗ്. ദേശീയ ശരാശരിയേക്കാള്‍ താഴെയായിരുന്നു ഈ കണക്ക്. പഞ്ചാബില്‍ ഇക്കുറി 24433 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 

രാജ്യത്തെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ കഴിഞ്ഞ മാസം കര്‍ശനം നിര്‍ദേശം നല്‍കിയിരുന്നു. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് തണല്‍ സൗകര്യവും കുടിവെള്ളവും അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും ചീഫ് ഇലക്‌ടറല്‍ ഓഫീസര്‍മാരോടും നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്ത് വേനല്‍ കടുക്കും എന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തിലാണ് ഇലക്ഷന്‍ കമ്മീഷന്‍ കര്‍ശന നടപടികള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ വേനലില്‍ ശരാശരിയിലും ഉയര്‍ന്ന താപനിലയാണ് രാജ്യത്ത് പ്രവചിച്ചിരിക്കുന്നത്. മാര്‍ച്ച്-ജൂണ്‍ മാസങ്ങളില്‍ ഉഷ്‌ണതരംഗത്തിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട് എന്നും നേരത്തെതന്നെ വിലയിരുത്തപ്പെട്ടിരുന്നു. 

Read more: ആദ്യഘട്ട ലോക്സഭ തെരഞ്ഞെടുപ്പ്; വനിത സ്ഥാനാര്‍ഥികള്‍ 8% മാത്രം, 6 സംസ്ഥാനങ്ങളില്‍ വനിതകളെ മത്സരിപ്പിക്കുന്നില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം