ഏറ്റവും കൂടുതല്‍ കാലം ജനാധിപത്യ ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് വെറും 52 സീറ്റുകളിലേക്ക് കഴിഞ്ഞ വട്ടം ചുരുങ്ങുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്

ദില്ലി: പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യാ മുന്നണി' സഖ്യം ശക്തമാക്കാന്‍ ശ്രമിക്കുന്നതിനിടയിലും ഇന്ത്യന്‍ ഭരണത്തില്‍ ഹാട്രിക് ലക്ഷ്യമിടുകയാണ് നരേന്ദ്ര മോദിയും അദേഹത്തിന്‍റെ പാർട്ടിയായ ബിജെപിയും മുന്നണിയായ എന്‍ഡിഎയും. 400 സീറ്റുകള്‍ നോട്ടമിട്ടാണ് എന്‍ഡിഎ 2024 ലോക്സഭ ഇലക്ഷനെ നേരിടുന്നത്. അതേസമയം സമീപകാല സംഭവവികാസങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസത്തിന്‍റെ പ്രതീക്ഷയിലാണ് ഇന്ത്യാ മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 

2019ലെ ഫലം

2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയവുമായി നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ 542 സീറ്റുകളില്‍ 353 എണ്ണം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം സ്വന്തമാക്കുകയായിരുന്നു. ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടി. 2014ല്‍ ബിജെപി 282 സീറ്റുകളില്‍ വിജയിച്ച സ്ഥാനത്തായിരുന്നു ഇത്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമാണ് ബിജെപി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ നേടിയത്. ആകെ പോള്‍ ചെയ്തതില്‍ 37.36 ശതമാനം വോട്ടുകള്‍ ബിജെപിക്ക് കിട്ടി. 2014 തെരഞ്ഞെടുപ്പില്‍ 31.34 ശതമാനം വോട്ടുകള്‍ ബിജെപി നേടിയ സ്ഥാനത്തായിരുന്നു 2019ലെ ഉയർച്ച. 2019ല്‍ എന്‍ഡിഎ മുന്നണി 45 ശതമാനം വോട്ടുകളും പെട്ടിയിലാക്കി. 2014ല്‍ 38 ശതമാനമായിരുന്നു ഇതെന്നോർക്കുക. 

ഏറ്റവും കൂടുതല്‍ കാലം ജനാധിപത്യ ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് വെറും 52 സീറ്റുകളിലേക്ക് കഴിഞ്ഞ വട്ടം ചുരുങ്ങുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യം ആകെ 91 സീറ്റുകളെ നേടിയുള്ളൂ. കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍ 19.49 ശതമാനത്തില്‍ ഒതുങ്ങി. മോദി പ്രഭാവം 2019ലെ ഫലം ബിജെപിക്ക് അനുകൂലമാക്കിയ കാരണങ്ങളിലൊന്നായി കരുതപ്പെടുന്നു. 

2024ലെ കാത്തിരിപ്പ്

ഇത്തവണ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകളും എന്‍ഡിഎ മുന്നണി 400 സീറ്റുകളുമാണ് ഉന്നമിടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കത്തില്‍ ബിജെപിക്കുണ്ടായിരുന്ന മുന്‍തൂക്കം ഇപ്പോള്‍ കുറഞ്ഞതായി വിലയിരുത്തുന്നവരുണ്ട്. എന്നാല്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റോടെ നേരിടുന്ന വിമർശനം പോലും അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മുന്നോട്ടുപോവുകയാണ് ബിജെപി. കെജ്രിവാളിന്‍റെ അറസ്റ്റും ഇലക്ടറല്‍ ബോണ്ടും അടക്കമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെയാണ് സ്വാധീനിക്കുക എന്ന് കാത്തിരുന്നറിയാം. 

Read more: 'തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്ലാ പാവങ്ങള്‍ക്കും സൗജന്യ ബിയർ, വിസ്‍കി' വിചിത്ര വാഗ്ദാനവുമായി സ്ഥാനാർഥി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം