രാഹുൽ ഗാന്ധി- അഖിലേഷ് യാദവ് കൂട്ടുകെട്ടിനെയും മോദി പരിഹസിച്ചു. ചെക്കന്മാരുടെ പടം പണ്ടേ പൊട്ടിയതാണെന്നും പൊട്ടിയ പടം വീണ്ടും റിലീസ് ചെയ്യുകയാണെന്നുമായിരുന്നു പരിഹാസം.

ദില്ലി:മുസ്ലീംലീഗിന്‍റെ വിചാരധാരകള്‍ നിറഞ്ഞതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെന്ന രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊട്ടിയ പടം വീണ്ടും റിലീസ് ചെയ്യുന്നുവെന്ന പരിഹാസത്തോടെ രാഹുല്‍ അഖിലേഷ് കൂട്ടുകെട്ടിനെതിരെയും മോദി ഒളിയമ്പെയ്തു. നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപിയില്‍ ചേര്‍ക്കുന്ന മോദിയുടെ ഭരണത്തില്‍ ജനങ്ങള്‍ കടുത്ത നിരാശയിലാണെന്ന് സോണിയ ഗാന്ധി തിരിച്ചടിച്ചു. 

സ്വാതന്ത്ര്യസമര കാലത്തെ മുസ്ലീംലീഗിന്‍റെ ആശയങ്ങള്‍ക്ക് സമാനമാണ് കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയെന്നാണ് മോദിയുടെ വിമര്‍ശനം. മുസ്ലീംലീഗിൻ്റെ വിചാരധാരകൾ നിറഞ്ഞതാണ് കോൺഗ്രസ് പ്രകടനപത്രികയെന്ന് മോദി ആരോപിച്ചു. സ്വാതന്ത്ര്യ സമര കാലത്ത് ലീഗിൽ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രതിഫലിക്കുന്നത്. അവശേഷിക്കുന്ന ഭാഗം ഇടത് പക്ഷത്തിൻ്റെ നിലപാടുകളെന്നും മോദി പറഞ്ഞു.രാഷ്ട്ര നിർമ്മാണത്തിനുള്ള ഒരു നിർദ്ദേശവും കോൺഗ്രസിന് സ്വന്തമായി ഇല്ല. ഈ പ്രകടനപത്രികയുമായി രക്ഷപ്പെടാൻ കോൺഗ്രസിനാകില്ലെന്നും മോദി പറഞ്ഞു.

ഹിജാബ് വിവാദം അടക്കമുള്ള വിഷയങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ച് വസ്ത്രം, ആഹാരം, വ്യക്തിനിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ പൗരന്മാര്‍ക്കുമുള്ള സ്വാതന്ത്യം ന്യൂനപക്ഷങ്ങള്‍ക്കും ഉറപ്പ് നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രിയില്‍ ഉറപ്പ് നല്‍കിയിരുന്നു. ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായി യുപിയില്‍ കോണ്‍ഗ്രസും, സമാജ് വാദി പാര്‍ട്ടിയും ഒന്നിച്ച് മത്സരിക്കുന്നതിനെയും മോദി പരിഹസിച്ചു. ചെക്കന്മാരുടെ പൊട്ടിയ പടം വീണ്ടും റിലീസാകുന്നുവെന്ന പരിഹാസത്തിലൂടെ 2017ല്‍ സഖ്യം ഫലം കാണാതെപോയത് മോദി ഓര്‍മ്മപ്പെടുത്തി.

അതേസമയം,ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന മോദിക്കെതിരെ ശക്തമായി പോരാടുമെന്ന് ജയ്പൂരില്‍ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങില്‍ സോണിയ ഗാന്ധി പറഞ്ഞു. ഭരണഘടന അട്ടിമറിക്കാന്‍ പോലും ഗൂഢാലോചന നടക്കുകയാണെന്നും സോണിയ വിമര്‍ശിച്ചു.എന്നാല്‍, മുസ്ലീംപ്രീണനം കോണ്‍ഗ്രസ് പ്രകടനപത്രികയിലും പ്രകടിപ്പിക്കുന്നുവെന്ന് ഉത്തര്‍പ്രദേശിലെത്തി നടത്തിയ വിമര്‍ശനത്തിലൂടെ ഭൂരിപക്ഷ വോട്ടുകള്‍ മോദി ഉറപ്പിക്കുകയാണ്. മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുന്നുവെന്ന പ്രചാരണം ബിജെപി ശക്തമാക്കുന്നതിനിടെ കൂടിയാണ് മോദിയുടെ വിമര്‍ശനം. 
.......