ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികള്‍ക്കൊപ്പം രാഷ്ട്രീയ പാർട്ടികള്‍ സ്റ്റാർ ക്യാംപയിനർമാരുടെ പേരുകളും പ്രഖ്യാപിക്കുകയാണ്
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് 2024നായി രാജ്യം ഒരുങ്ങുകയാണ്. തെരഞ്ഞെടുപ്പ് വേളയില്‍ നമ്മളെല്ലാം കേള്‍ക്കുന്ന ഒരു പേരാണ് സ്റ്റാർ ക്യാംപയിനേഴ്സ് (താരപ്രചാരകർ) എന്നത്. ആരൊക്കെയാണ് സത്യത്തില്‍ ഈ സ്റ്റാർ ക്യാംപയിനേഴ്സ്. ക്രൗഡ് പുള്ളർമാരായ രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളുമാണ് തെരഞ്ഞെടുപ്പുകളില്‍ പാർട്ടികളുടെ സ്റ്റാർ ക്യാംപയിനർമാരായി ഇടംപിടിക്കാറ്.
ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികള്‍ക്കൊപ്പം രാഷ്ട്രീയ പാർട്ടികള്‍ സ്റ്റാർ ക്യാംപയിനർമാരുടെ പേരുകളും പ്രഖ്യാപിക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസും ചില സംസ്ഥാനങ്ങളിലെ സ്റ്റാർ ക്യാംപയിനർമാരെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഏറെ ആരാധക പിന്തുണയുള്ള രാഷ്ട്രീയ നേതാവിനെയോ ചലച്ചിത്ര താരത്തെയും കായികതാരത്തെയോ മറ്റ് സെലിബ്രിറ്റികളെയോ തെരഞ്ഞെടുപ്പ് ക്യാംപയിനിംഗില്‍ സ്റ്റാർ പ്രചാരകരായി ഉപയോഗിക്കാം. എന്നാല്‍ ആരാണ് സ്റ്റാർ ക്യാംപയിനർ എന്നതിന് കൃത്യമായ നിർവചനമില്ല. ജനപിന്തുണയ്ക്ക് അനുസരിച്ചാണ് പാർട്ടികള്‍ അവരുടെ സ്റ്റാർ ക്യാംപയിനർമാരെ തെരഞ്ഞെടുക്കുക. ഇവരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറേണ്ടതുണ്ട്. ഓരോ പാർട്ടിക്കും ഉപയോഗിക്കാന്‍ കഴിയുന്ന താരപ്രചാരകരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഭരണകക്ഷിയായ ബിജെപിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പ്രധാന സ്റ്റാർ ക്യാംപയിനർ. മോദിക്ക് പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തമിഴ്നാട് ബിജെപി പ്രസിഡന്‍റ് കെ അണ്ണാമലൈ എന്നിവരുടെ പേരുകള്‍ സ്റ്റാർ ക്യാംപയിനർമാരുടെ പട്ടികയിലുണ്ട്. അതേസമയം കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുന്‍ ഖാർഗെ എന്നിവരുടെ പേരുകള്‍ പട്ടികയിലുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസില്‍ മുന്‍ ക്രിക്കറ്റർ യൂസഫ് പത്താന്‍, നടിമാരായ രചന ബാനർജി, സയോണി ഘോഷ് എന്നിവർ മമതാ ബാനർജിക്കൊപ്പം താരപ്രചാരകരുടെ പട്ടികയിലുണ്ട്.
Read more: ബംഗാളില്‍ മമതാ ബാനർജിയുടെ തുറുപ്പുചീട്ട് മൂന്ന് നടിമാർ
