Asianet News MalayalamAsianet News Malayalam

850 കോടി രൂപ പദ്ധതിയിൽ നിർമിച്ച ആറ് കൂറ്റൻ പ്രതികമൾ തകർന്നു, അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത

മെയ് 28 ന് വൈകുന്നേരം 4 മണിയോടെയാണ് നിരവധി സന്ദർശകർ ഉണ്ടായിരിക്കെ പ്രതിമകൾ തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല.

Lokayukta launches probe after idols damaged in Ujjain's Mahakal Lok Corridor prm
Author
First Published Jun 2, 2023, 3:42 PM IST

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ 850 കോടി രൂപ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത സപ്തർഷികളുടെ പ്രതിമകൾ തകർന്നതിൽ ലോകായുക്ത അന്വേഷണം ആരംഭിച്ചു. മഹാകാൽ ലോക് ഇടനാഴിയിൽ സ്ഥാപിച്ചിരുന്ന ഏഴ് സപ്തർഷികളുടെ കൂറ്റൻ വിഗ്രഹങ്ങളിൽ ആറെണ്ണവും മഴയിലും കാറ്റിലും തകർന്നു വീണു. തുടർന്നാണ് മധ്യപ്രദേശ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്. സ്ഥിതിഗതികൾ വിലയിരുത്താനും തുടർനടപടികൾ സ്വീകരിക്കാനും ലോകായുക്ത സംഘം ശനിയാഴ്ച സ്ഥലം സന്ദർശിക്കും.

സംഭവവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ലോകായുക്ത ജസ്റ്റിസ് എൻ കെ ഗുപ്ത സ്വമേധയാ നടപടികൾ സ്വീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെയ് 28 ന് വൈകുന്നേരം 4 മണിയോടെയാണ് നിരവധി സന്ദർശകർ ഉണ്ടായിരിക്കെ പ്രതിമകൾ തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല. അറ്റകുറ്റപ്പണികൾക്കായി ഇവിടം താൽക്കാലികമായി അടച്ചു. ശക്തമായ കാറ്റാണ് സംഭവത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. 850 കോടി രൂപയുടെ മഹാകാലേശ്വര ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. പദ്ധതിയിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷമായ കോൺ​ഗ്രസ് രം​ഗത്തെത്തി.  നിലവാരം കുറഞ്ഞ നിർമാണമാണ് പ്രതിമകൾ തകരാൻ കാരണമെന്നും അന്വേഷിക്കണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു.  

വിഗ്രഹങ്ങൾ പുനഃസ്ഥാപിക്കണമെന്നും നിർമാണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മഹാകാൽ ലോക് ഇടനാഴിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസാണ് ലോകായുക്ത അന്വേഷിക്കുന്നത്. ആദ്യത്തെ പരാതിയിൽ ഉജ്ജയിൻ ജില്ലാ കളക്ടറും മറ്റ് രണ്ട് ഐഎഎസ് ഓഫീസർമാരും ഉൾപ്പെടെ 15 പേർക്കെതിരെ ലോകായുക്ത നോട്ടീസ് അയച്ചിരുന്നു.

ഔദ്യോഗിക സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുകയും കരാറുകാരന് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുകയും ചെയ്തുവെന്നാണ് ഉദ്യോ​ഗസ്ഥർക്കെതിരെയുള്ള ആരോപണം. ഉജ്ജയിൻ സ്മാർട്ട് സിറ്റി പദ്ധതിയിലൂടെയാണ് മഹാകാൽ ലോക് ഇടനാഴിയുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. 

Follow Us:
Download App:
  • android
  • ios