Asianet News MalayalamAsianet News Malayalam

നുപൂര്‍ ശര്‍മ്മയ്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് : സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെ നടപടി

ഉദയ്പൂര്‍ കൊലപാതകമടക്കം രാജ്യത്ത് നടന്ന അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നുപൂര്‍ ശര്‍മ്മയാണെന്ന രൂക്ഷ വിമര്‍ശനമാണ് കോടതി കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് നടപടി.

Look out notice against Nupur Sharma
Author
Kolkata, First Published Jul 2, 2022, 3:35 PM IST

കൊല്‍ക്കത്ത: നബി വിരുദ്ധ പരാമര്‍ശത്തില്‍ നുപൂര്‍ ശര്‍മ്മയ്ക്ക് എതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. കൊൽക്കത്ത പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഉദയ്പൂര്‍ കൊലപാതകമടക്കം രാജ്യത്ത് നടന്ന അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നുപൂര്‍ ശര്‍മ്മയാണെന്ന രൂക്ഷ വിമര്‍ശനമാണ് കോടതി കഴിഞ്ഞ ദിവസം ഉന്നയിച്ചത്. നുപൂറിന് പരവതാനി വിരിച്ച് കാണുമെന്ന പരിഹാസം പൊലീസിന് നേരെ ഉന്നയിച്ച കോടതി അറസ്റ്റ് നടക്കാത്തത് അവരുടെ സ്വാധീനത്തിന് തെളിവാണെന്നും തുറന്നടിച്ചിരുന്നു. എന്നാല്‍  ഈ വിമര്‍ശനങ്ങളെല്ലാം വിവിധ സംസ്ഥാനങ്ങളിലുള്ള  കേസുകള്‍ ദില്ലിക്ക് മാറ്റണമെന്ന നുപുര്‍ ശര്‍മ്മയുടെ അപേക്ഷ തള്ളിയുള്ള ഉത്തരവില്‍ കോടതി ഒഴിവാക്കിയിരുന്നു. 

ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിച്ച് ഉത്തരവാകുന്നുവെന്നും നിയമത്തില്‍ സാധ്യമായ മറ്റ് വഴികള്‍ തേടാവുന്നതാണെന്നും മാത്രമാണ് ഉത്തരവില്‍ രേഖപ്പെടുത്തിയിരുന്നത്. ടീസ്ത സെതല്‍വാദിന്‍റെ അറസ്റ്റും നുപൂര്‍ ശര്‍മ്മയുടെ അറസ്റ്റിലെ മെല്ലപ്പോക്കും ഉന്നയിച്ചാണ് പ്രതിപക്ഷം കേന്ദ്രത്തിെനെതിരെ നിലപാട് കടുപ്പിക്കുന്നത്. പ്രധാനമന്ത്രി ആരെയാണ് ഭയക്കുന്നതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. ഗുജറാത്ത് കലാപ കേസില്‍ നടപടികള്‍ പെട്ടെന്നെടുത്ത സര്‍ക്കാര്‍ മടിച്ച് നില്‍ക്കുന്നതെന്ത് കൊണ്ടാണെന്നാണ് കോണ്‍ഗ്രസിന്‍റെ ചോദ്യം. 

Follow Us:
Download App:
  • android
  • ios