Asianet News MalayalamAsianet News Malayalam

ഈ വര്‍ഷത്തെ പുരി ക്ഷേത്രത്തിലെ രഥോത്സവം സുപ്രീം കോടതി സ്‌റ്റേ ചെയ്തു

പൗരന്‍മാരുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് ഉത്സവവും അനുബന്ധ ചടങ്ങുകളും അനുവദിക്കാനാകില്ലെന്ന്  സുപ്രീംകോടതി മൂന്നംഗ ബഞ്ച് വ്യക്തമാക്കി. 

Lord Jagannath wont forgive us if we allow this year Rath Yatra: Supreme Court
Author
New Delhi, First Published Jun 18, 2020, 6:27 PM IST

ദില്ലി: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ജൂണ്‍ 23 മുതല്‍ നടത്താനിരുന്ന രഥോത്സവം സുപ്രീംകോടതി സ്റ്റേ ചെയ്തു. 20 ദിവസം വരെ നീളുന്ന ചടങ്ങുകള്‍ക്കാണ് സുപ്രീംകോടതി സ്റ്റേ നല്‍കിയത്. കൊവിഡ് 19 സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് സ്റ്റേ ഏര്‍പ്പെടുത്തിയത്

പൗരന്‍മാരുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് ഉത്സവവും അനുബന്ധ ചടങ്ങുകളും അനുവദിക്കാനാകില്ലെന്ന്  സുപ്രീംകോടതി മൂന്നംഗ ബഞ്ച് വ്യക്തമാക്കി. ഇക്കൊല്ലത്തെ രഥയാത്രയനുവദിച്ചാല്‍ ജഗന്നാഥന്‍ നമ്മോട് പൊറുക്കില്ലെന്ന് കേസ് പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പരാമര്‍ശം നടത്തി. 

രഥയാത്രയ്ക്ക് അനുമതി നല്‍കരുത് എന്ന് ആവശ്യപ്പെട്ടുള്ള  പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി വിധി. ഒഡീഷ വികാശ് പരിഷത്ത് എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയാണ് വാദികള്‍ക്കായി കോടതിയില്‍ ഹാജറായത്. ഒളിംപിക്സ് അടക്കം മാറ്റിവച്ച സ്ഥിതിയില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന രഥയാത്ര അനുവദിക്കരുത് എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ വാദം.

അതേ സമയം സര്‍ക്കാറിനായി ഹാജറായ  സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മതപരമായ വിഷയമായതിനാല്‍ ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകള്‍ അനുവദിക്കണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. വിധിക്കൊപ്പം ഒഡീഷയില്‍ നടക്കുന്ന എല്ലാ രഥയാത്രകളും നിര്‍ത്തിവയ്ക്കാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, എഎസ് ബൊപ്പെണ്ണ എന്നിവരായിരുന്നു സുപ്രീംകോടതി ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കൊവിഡിനെതിരെ രാജ്യം പോരാട്ടത്തിലായിരിക്കുമ്പോള്‍ രഥയാത്ര പോലുള്ള ആഘോഷങ്ങള്‍ക്കായുള്ള ആള്‍ക്കൂട്ടങ്ങളുണ്ടാകുന്ന സാഹചര്യങ്ങള്‍ പാടില്ലെന്ന് കോടതി പറഞ്ഞു.

Follow Us:
Download App:
  • android
  • ios