മാതാപിതാക്കളുടെ മൃതദേഹം ഗുവാഹത്തി മെഡിക്കല്‍ കോളേജിന് നല്‍കുക എന്നത് ലുബ്നയ്ക്കും സഹോദരി നിനോണ്‍ ഷെഹ്നാസിനും ഒട്ടും എളുപ്പമായിരുന്നില്ല. പിതാവിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് കൈമാറുന്ന സമയത്ത് പോലും എതിര്‍പ്പുമായി ആളുകള്‍ എത്തിയിരുന്നു.

ദില്ലി: അവയവ ദാനത്തേക്കുറിച്ച് ആരോപണ പ്രത്യാരോപണങ്ങള്‍ സജീവമായ സമയത്ത് മാതാപിതാക്കളുടെ പാതയില്‍ നടക്കാനൊരുങ്ങി ലുബ്ന ഷഹീന്‍. അവയവദാനത്തില്‍ നിന്ന് പൊതുവേ വിശ്വാസപരമായ കാരണങ്ങളാല്‍ പിന്നോട്ട് വലിയുന്നവരാണ് മുസ്ലിം വിഭാഗത്തിലുള്ളവര്‍. അസമില്‍ നിന്നുള്ള അഫ്താബ് അഹമ്മദും മുസ്ഫിഖ സുല്‍ത്താനയുമാണ് മരണശേഷം മൃതദേഹം പഠനാവശ്യങ്ങള്‍ക്കായി വിട്ടു നല്‍കിയ ആദ്യ മുസ്ലിം ദമ്പതികള്‍. ഈ ദമ്പതികളുടെ മകളായ ലുബ്നയും മാതാപിതാക്കളുടെ അതേപാത പിന്തുടരുകയാണ്.

മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരുല്സാഹപ്പെടുത്താനുള്ള ബന്ധുക്കളുടെ പ്രയത്നത്തെ മറിടന്നാണ് ലുബ്നയുടെ നടപടി. പുരോഗമന സ്വാഭാവമുള്ള മുസ്ലിം കുടുംബത്തില്‍ ജനിച്ചത് തന്‍റെ ഭാഗ്യമെന്നാണ് ലുബ്ന പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ തടസങ്ങള്‍ ഉയര്‍ത്താതെയാണ് രക്ഷിതാക്കള്‍ തന്നെയും സഹോദരിയേയും വളര്‍ത്തിയത്. മതപരമായ കാര്യങ്ങള്‍ പറഞ്ഞ് തങ്ങളോട് ഉള്‍വലിയണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടില്ലെന്ന് മാത്രമല്ല മുന്നോട്ട് വരാനുള്ള ഊര്‍ജ്ജവും തരാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. ഇരുവരും ക്യാന്‍സര്‍ ബാധിച്ചാണ് മരിച്ചത് അതിനാല്‍ കണ്ണുകള്‍ മാത്രമാണ് മറ്റുള്ളവര്‍ക്ക് പ്രയോജനകരമായത്.

എന്നാല്‍ ശരീരം പഠനങ്ങള്‍ക്ക് വിട്ടുനല്‍കിയാണ് ലുബ്നയുടെ മാതാപിതാക്കള്‍ പോയത്. കോളേജില്‍ പഠിക്കുന്ന സമയത്ത് രക്തദാനത്തിനുള്ള പ്രോത്സാഹനം നല്‍കിയത് മാതാപിതാക്കളായിരുന്നു. അവയവങ്ങളും ശരീരവും ദാനം ചെയ്യാനും മാതാപിതാക്കളാണ് പ്രേരിപ്പിച്ചതെന്നു ലുബ്ന പറയുന്നു. മാതാപിതാക്കളുടെ മൃതദേഹം ഗുവാഹത്തി മെഡിക്കല്‍ കോളേജിന് നല്‍കുക എന്നത് ലുബ്നയ്ക്കും സഹോദരി നിനോണ്‍ ഷെഹ്നാസിനും ഒട്ടും എളുപ്പമായിരുന്നില്ല. പിതാവിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് കൈമാറുന്ന സമയത്ത് പോലും എതിര്‍പ്പുമായി ആളുകള്‍ എത്തിയിരുന്നു. അമ്മയുടെ മൃതദേഹം നല്‍കുന്ന സമയത്ത് പ്രതിഷേധക്കാരെ കണ്ടില്ലെങ്കിലും അവര്‍ സ്വര്‍ഗത്തിലെത്തില്ലെന്ന മുന്നറിയിപ്പ് ബന്ധുക്കള്‍ നല്‍കിയിരുന്നു.

2022ലാണ് മുസ്ഫിഖ സുല്‍ത്താനയുടെ മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കിയത്. പൊതുപ്രവര്‍ത്തകരായിരുന്ന മാതാപിതാക്കള്‍ മരണത്തിന് ശേഷവും ആളുകള്‍ക്കായി പ്രവര്‍ത്തിച്ചുവെന്നാണ് ഈ പെണ്‍മക്കള്‍ നിരീക്ഷിക്കുന്നത്. അടുത്തിടെ പ്രധാനമന്ത്രി അവയവ ദാനത്തിന്‍റെ പ്രാധാന്യത്തേക്കുറിച്ച് സംസാരിക്കുക കൂടി ചെയ്തതോടെ മാതാപിതാക്കളുടെ പാരമ്പര്യം തുടരാനാണ് ലുബ്നയുടെ തീരുമാനം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player