പരന്തൂർ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതി മുഖ്യമന്ത്രി വിജയ് ഉപേക്ഷിച്ചതിനെതിരെ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രൂക്ഷവിമർശനവുമായി രംഗത്ത്. ഈ തീരുമാനം തമിഴ്‌നാടിന്റെ വികസനത്തെ പിന്നോട്ടടിക്കുമെന്ന് സ്റ്റാലിൻ ആരോപിച്ചപ്പോൾ, കാർഷിക ഭൂമി സംരക്ഷിക്കാനാണ് പദ്ധതിയെന്ന് സർക്കാർ വ്യക്തമാക്കുന്നു.
ചെന്നൈ: പരന്തൂർ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതി ഉപേക്ഷിക്കാനുള്ള മുഖ്യമന്ത്രി വിജയ്‍യുടെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ. പരന്തൂർ പദ്ധതി റദ്ദാക്കിയത് തമിഴ്‌നാടിന്‍റെ വളർച്ചയെ വർഷങ്ങൾ പിന്നോട്ടടിക്കുന്ന തിരുത്താനാവാത്ത തിരിച്ചടിയാണെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചത് ഭരണകക്ഷിയായ തമിഴക വെട്രി കഴകവും പ്രതിപക്ഷമായ ഡിഎംകെയും തമ്മിൽ നിയമസഭയിലും പുറത്തും വലിയ രാഷ്ട്രീയ പോരിന് വഴിവെച്ചിരിക്കുകയാണ്.
പരന്തൂരിലെയും സമീപത്തുള്ള 12 ഗ്രാമങ്ങളിലെയും കാർഷിക ഭൂമിയും കർഷകരുടെ ഉപജീവന മാർഗവും സംരക്ഷിക്കുന്നതിനായി പദ്ധതി ഉപേക്ഷിക്കുകയാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചത് തിങ്കളാഴ്ചയാണ്. 2025 ഏപ്രിലിലാണ് പരന്തൂർ വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയം തത്ത്വത്തിലുള്ള അംഗീകാരം നൽകിയത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ ഡിഎംകെ സർക്കാരിന്‍റെ കാലത്ത് പൂർത്തിയായതാണെന്ന് സ്റ്റാലിൻ വ്യക്തമാക്കി. പുതിയ സർക്കാർ ഇനിയൊരു സ്ഥലം കണ്ടെത്തി നടപടികൾ തുടക്കം മുതൽ ആരംഭിക്കുമ്പോഴേക്കും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും വികസനവും മന്ദഗതിയിലാകുമെന്നും അദ്ദേഹം വിമർശിച്ചു. കൃത്യമായ ചർച്ചകൾക്ക് പോലും അവസരം നൽകാതെ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതി പോലുള്ള ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം ഏകപക്ഷീയമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചതിൽ അതൃപ്തിയുണ്ടെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. ഈ തീരുമാനം തമിഴ്‌നാടിന്റെ വികസന ലക്ഷ്യങ്ങളെ തകർക്കും. തമിഴ്‌നാട്ടിലെ യുവാക്കളുടെ തൊഴിൽ പ്രതീക്ഷകൾക്ക് തിരിച്ചടിയാകും. നിക്ഷേപകരുടെ പ്രിയപ്പെട്ട കേന്ദ്രമായ തമിഴ്‌നാടിനെ ഇത് പിന്നോട്ടടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2022-ൽ ഡിഎംകെ സർക്കാർ പ്രഖ്യാപിച്ച 27,000 കോടി രൂപയുടെ ഈ ബൃഹത്തായ പദ്ധതിക്കെതിരെ പ്രദേശവാസികളായ കർഷകരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തിയിരുന്നു. നിർദ്ദിഷ്ട ഭൂമിയുടെ പകുതിയോളം ഫലഭൂയിഷ്ഠമായ കൃഷിഭൂമിയും കാൽഭാഗത്തോളം ജലാശയങ്ങളുമായതിനാൽ വിമാനത്താവള നിർമ്മാണം വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കും എന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. അതേസമയം ചെന്നൈയുടെ വിമാനത്താവള ആവശ്യം അവഗണിക്കില്ലെന്ന് മുഖ്യമന്ത്രി വിജയ് ഉറപ്പുനൽകി. നിലവിലെ ചെന്നൈ വിമാനത്താവളം വികസിപ്പിക്കുന്നതോടൊപ്പം അനുയോജ്യമായ മറ്റൊരു സ്ഥലത്ത് പുതിയ വിമാനത്താവളം നിർമ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
