25 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് യുവതിയുടെ മൃതദേഹം ഉപേക്ഷിച്ചയാളിലേക്ക് പൊലീസ് എത്തിയത്. ഷീബ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18 മാസത്തിന് ശേഷം രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ 30കാരൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം. ആദ്യ ഭാര്യയിൽ അഞ്ച് പെൺമക്കളുണ്ടായിരുന്ന മുഹമ്മദ് സാദിഖ് എന്നയാളാണ് അറസ്റ്റിലായത്. സാർധാന പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം. 25 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് യുവതിയുടെ മൃതദേഹം ഉപേക്ഷിച്ചയാളിലേക്ക് പൊലീസ് എത്തിയത്. ഷീബ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്താൻ സാദിഖിനെ സഹായിച്ചത് ഇയാളുടെ സഹോദരന്മാരാണ്. സഹോദരന്മാരായ ആബിദ്, ഷാദബ്, ആദ്യ ഭാര്യ ആസിയ, മാതാവ് വസീള എന്നിവരുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത് എന്ന് സാദിഖ് പോലീസിനോട് വെളിപ്പെടുത്തി.

ആദ്യ വിവാഹബന്ധം വേർപെടുത്തിയിരുന്ന ഷീബയ്ക്ക് അതിൽ ഒരു പെൺകുട്ടിയുണ്ടായിരുന്നു. മൂന്ന് വർഷം മുമ്പാണ് ഷീബയും സാദിഖും വിവാഹിതരാകുന്നത്. തുടക്കത്തിൽ ഈ വിവാഹത്തെ സാദിഖിന്റെ കുടുംബം എതിർത്തിരുന്നു. ആൺകുട്ടി ഉണ്ടാകാനാണ് താൻ ഈ വിവാഹം കഴിച്ചതെന്ന് ഡൽഹിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന സാദിഖ് വീട്ടുകാരെ ബോധ്യപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ ഷീബയെ സ്വീകരിക്കുകയും, ഒന്നര വർഷം മുമ്പ് ഷീബ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഷീബയുടെ ആദ്യ വിവാഹത്തിലെ പെൺകുട്ടിയെ സംരക്ഷിക്കാൻ സാദിഖ് വിസമ്മതിച്ചു. ഇതേത്തുടർന്ന് തർക്കമുണ്ടാവുകയും ഷീബ രണ്ടു മക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് ഷീബയുടെ വീട്ടുകാർ ഇവർക്കായി മറ്റൊരു വാടക വീട് ശരിയാക്കിക്കൊടുത്തു. ഇതിനിടെ സാദിഖും ഷീബയുടെ ആദ്യ ഭർത്താവും തമ്മിൽ വഴക്കുണ്ടാവുകയും സാഹചര്യം കൂടുതൽ വഷളാവുകയും ചെയ്തിരുന്നു. ഇതിനുശേഷം സാദിഖിന്റെ അടുത്തേക്ക് മടങ്ങാൻ കൂട്ടാക്കാതിരുന്ന ഷീബ, സാദിഖിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോകൾ പങ്കുവച്ചിരുന്നു.

തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേന സാദിഖ് ഷീബയെ സമീപിക്കുകയും അവരെയും മകനെയും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയുമായിരുന്നു. വ്യാഴാഴ്ച ഷീബയെയും കൊണ്ട് ഡെറാഡൂണിലേക്ക് പോകുകയാണെന്ന് സാദിഖ് അറിയിച്ചിരുന്നതായി ഷീബയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. കൂട്ടുകാരന്റെ കാർ വാടകയ്‌ക്കെടുത്ത സാദിഖ്, ആദ്യ ഭാര്യയെയും മാതാവിനെയും ഷീബയെയും കൂട്ടി യാത്ര തിരിച്ചു. സഹോദരന്മാരിൽ ഒരാൾ കാർ ഓടിക്കുകയും മറ്റേയാൾ ബൈക്കിൽ പിന്തുടരുകയും ചെയ്തു. യാത്രയ്ക്കിടയിൽ കാറിനുള്ളിൽ വെച്ച് സാദിഖ് ഷീബയുടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വിജനമായ ഒരു പാടത്ത് തള്ളുകയും, തിരിച്ചറിയാതിരിക്കാനായി മുഖം ഇഷ്ടിക കൊണ്ട് തകർക്കുകയും ചെയ്യുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം