ബുള്‍ഡോസര്‍ ബാബ എന്ന് യോഗി പ്രതിച്ഛായയ്ക്ക് സമാനമായി ബുള്‍ഡോസര്‍ മാമ എന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് മധ്യപ്രദേശില്‍ ശിവ് രാജ് സിംഗ് ചൌഹാന്‍. 

ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കുമെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പാത പിന്തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൌഹാന്‍. ദുഷ്ടന്മാരെ കുഴിച്ച് മൂടും വരെ വിശ്രമിക്കില്ലെന്നും ബുള്‍ഡോസര്‍ മാമ പ്രവര്‍ത്തനമാരംഭിച്ചുവെന്നുമാണ് കഴിഞ്ഞ ദിവസം ശിവ് രാജ് സിംഗ് ചൌഹാന്‍ പ്രസ്താവിച്ചത്. ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിനെ പരിഹസിക്കാനായി സമാജ് വാദി പാര്‍ട്ടി ഉയര്‍ത്തിയ വാക്കായിരുന്നു ബുള്‍ഡോസര്‍. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഈ പ്രയോഗം ബിജെപിയുടെ വിജയ ചിഹ്നമായി മാറുകയായിരുന്നു.

ബുള്‍ഡോസര്‍ ബാബ എന്ന് യോഗി പ്രതിച്ഛായയ്ക്ക് സമാനമായി ബുള്‍ഡോസര്‍ മാമ എന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് മധ്യപ്രദേശില്‍ ശിവ് രാജ് സിംഗ് ചൌഹാന്‍. ഇതോടനുബന്ധിച്ചുള്ള പരസ്യ പോസ്റ്ററുകളും സംസ്ഥാനത്ത് സജീവമായിട്ടുണ്ട്. നിരവധി പോസ്റ്ററുകളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം പ്രചരിപ്പിച്ചിട്ടുള്ളത്. സഹോദരിമാരുടേയും പെണ്‍കുട്ടികളുടേയും അഭിമാനത്തിന് കോട്ടം വരുത്തുന്നവരുടെ വീടിന് മുന്നില്‍ ബുള്‍ഡോസര്‍ മാമ എത്തും, പെണ്‍കുഞ്ഞിന്‍റെ സംരക്ഷണത്തില്‍ പ്രശ്നമുണ്ടാക്കുന്നവര്‍ക്ക് ബുള്‍ഡോസര്‍ ചുറ്റിക പോലെ പ്രഹരിക്കുമെന്നുമാണ് പ്രചാരണ ബോര്‍ഡുകളിലെ കുറിപ്പുകള്‍ വിശദമാക്കുന്നത്.

സംസ്ഥാനത്തെ ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ശിവ് രാജ് സിംഗ് ചൌഹാന്‍റെ മുന്നറിയിപ്പ് വ്യക്തമാക്കുന്നുണ്ട്. മധ്യപ്രദേശിലെ എല്ലാ ഗുണ്ടകളും ക്രിമിനലുകളുടേയും ശ്രദ്ധയ്ക്ക് പാവങ്ങളുടേയും സാധാരണക്കാരുടേയും നേര്‍ക്ക് ഇനി നിങ്ങളുടെ കരമുയര്‍ന്നാല്‍ നിങ്ങളുടെ വീടുകള്‍ കുഴിച്ചുമൂടി ഭൂമിയില്‍ നിന്ന് മായ്ച്ചു കളയും. നിങ്ങളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ശിവ് രാജ് സിംഗ് ചൌഹാന്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന്‍റെ വീട് സര്‍ക്കാര്‍ അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.

ഗുണ്ടകളേയും മാഫിയകളേയും അടിച്ചമര്‍ത്താനുള്ള പ്രതിജ്ഞ എടുത്തതായാണ് അടുത്തിടെ ഖമാരിയയിലും റേയ്സീനിലും ഉണ്ടായ സംഘര്‍ഷത്തേക്കുറിച്ചുള്ള പ്രതികരണത്തില്‍ ചൌഹാന്‍ നടത്തിയത്. തെറ്റ് ചെയ്യുകയും നിയമപരമല്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും. സര്‍ക്കാര്‍ സാധാരണക്കാര്‍ക്കൊപ്പമാണെന്നും ശിവ് രാജ് സിംഗ് ചൌഹാന്‍ പറയുന്നു. ഗുണ്ടകളുടേയും മാഫിയകളുടേയും കാലം ഉടന്‍ അവസാനിക്കും അവരെ പൂര്‍ണമായി നശിപ്പിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബുള്‍ഡോസര്‍ മാമ എന്ന തരത്തിലുള്ള പ്രചാരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തടയാന്‍ ശക്തമായ നടപടിയാണ് വേണ്ടതെന്നും ഇത്തരം പ്രചാരണ വേലകളല്ല വേണ്ടതെന്നുമാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്.