ഭോപ്പാല്‍: പശുക്കൾക്കായി 300 'സ്മാർട്ട്' ​ഗോശാലകൾ നിർമ്മിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ കമ്പനിയുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തിയതായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലഖന്‍ സിങ് യാദവ് പറഞ്ഞു. അധികാരത്തിലേറിയാൽ സംസ്ഥാനത്തെ ഓരോ പഞ്ചായത്തുകളിലും ​ഗോശാലകൾ നിർമ്മിക്കുമെന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ  ഒന്നായിരുന്നു.

ശീതികരണ സൗകര്യങ്ങളുള്ള ഈ സ്മാർട്ട് ​ഗോശാലകൾക്ക് പ്രവാസികളാകും പണം സംഭാവന നൽകുന്നതെന്ന് സർക്കാർ അധികൃതർ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ കമ്പനിയുമായി ഉടൻ തന്നെ കാരാറിൽ ഒപ്പുവയ്ക്കുമെന്ന് ലഖന്‍ സിങ് യാദവിനെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് വർഷം കൊണ്ടാകും കമ്പനി പദ്ധതി പൂർത്തിയാക്കുക. ഓരോ വര്‍ഷവും 60 ഗോശാലകൾ വീതം സംസ്ഥാനത്ത് കമ്പനി നിർമ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ.