ഭോപ്പാൽ: ശ്രീലങ്കയിൽ സീതയ്ക്കായി ക്ഷേത്രം നിർമിക്കുമെന്ന പ്രഖ്യാപനവുമായി മധ്യപ്രദേശ് സർക്കാർ. സീത തീയിലെരിക്കപ്പെട്ടെന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശത്ത് ക്ഷേത്രം നിർമിക്കാനാണ് സർക്കാരിന്റെ നീക്കം. ഈ ആശയം ശിവരാജ് ചൗഹാന് കീഴിലുള്ള ബിജെപി സർക്കാർ നേരത്തെ മുന്നോട്ടുവെച്ചിരുന്നു.

ലങ്ക സന്ദർശന വേളയിൽ നിർദ്ദിഷ്ട ക്ഷേത്രത്തിന് തറക്കല്ലിട്ടതായി ചൗഹാൻ അവകാശപ്പെട്ടിരുന്നു. എല്ലാ നിർബന്ധിത അനുമതികളും ലഭിച്ചതായും ബിജെപി സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ ,പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ ബിജെപി സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. നിയമ മന്ത്രി പിസി ശർമയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അടുത്തിടെ ശ്രീലങ്ക സന്ദർശിച്ച് പ്രസിഡന്റ് ഗോട്ടഹായ രജപക്സെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

Read Also:അയോധ്യയിലെ രാമപ്രതിമയ്ക്കൊപ്പം സീതയുടെ പ്രതിമ കൂടി നിര്‍മിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്

ക്ഷേത്ര നിർമാണത്തിനായി മധ്യപ്രദേശിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള ഉദ്യോഗസ്ഥർക്കൊപ്പം മഹാബോധി സൊസൈറ്റിയിലെ അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു കമ്മറ്റിക്ക് രൂപം നൽകുമെന്നും കമൽനാഥ് വ്യക്തമാക്കി. സമയബന്ധിതമായി ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് നീക്കമെന്നും ഇതിനാവശ്യമായ പണം ഈ സാമ്പത്തിക വർഷത്തിൽ തന്നെ വകയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ശ്രീലങ്കയിലെ സെൻട്രൽ പ്രവിശ്യയിൽ ദിവുരുമ്പൊല ബുദ്ധിസ്റ്റ് മൊണാസ്ട്രിക്ക് സമീപത്തായാണ് ക്ഷേത്രത്തിനായി സ്ഥലം നിശ്ചയിച്ചിരിക്കുന്നത്.