ലക്‌നൗ: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടാണ്ടന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അന്ത്യം. വിവിധ അവയവങ്ങള്‍ നിലച്ചതോടെ ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്. ലാല്‍ജിയുടെ മകന്‍ അശുതോഷ് ടാണ്ടന്‍ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ വൈകീട്ട് 4.30 ഓടെ ലക്‌നൗവിലെ ഗുല്ലാല ഘട്ടില്‍ വച്ച് നടക്കുമെന്നും അശുതോഷ് അറിയിച്ചു. ലാല്‍ജിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. 

ഒരാഴ്ചയായി ലക്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലാല്‍ജി. ശ്വാസകോശവും കിഡ്‌നിയും കരളും പ്രവര്‍ത്തിക്കാതായതോടെ ആരോഗ്യനില മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആശുപത്രി അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.