ഭോപ്പാല്‍: സംസ്ഥാനത്തെ വൈദ്യുതിപ്രതിസന്ധിക്ക്‌ കാരണം വവ്വാലുകളാണെന്ന്‌ മധ്യപ്രദേശ്‌ സര്‍ക്കാരിന്റെ വിശദീകരണം. നിരന്തരമുണ്ടാകുന്ന കറണ്ട്‌ കട്ടിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന്‌ രൂക്ഷവിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ്‌ പഴി വവ്വാലുകളുടെ മേല്‍ കെട്ടിവച്ച്‌ തലയൂരാനുള്ള വൈദ്യുതിവകുപ്പ്‌ മന്ത്രിയുടെ ശ്രമം. വൈദ്യുതിവകുപ്പ് ജീവനക്കാരെ ഉദ്ധരിച്ചാണ് സര്‍ക്കാരിന്റെ ന്യായീകരണമെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു

വൈദ്യുതി തകരാര്‍ സൃഷ്ടിക്കുന്നത്‌ വവ്വാലുകളാണെന്ന്‌ ജീവനക്കാര്‍ അറിയിച്ചതായാണ്‌ വകുപ്പ്‌ മന്ത്രി പ്രിയവ്രത്‌ സിങ്ങിന്റെ വിശദീകരണം. വൈദ്യുതി ലൈനുകളില്‍ വവ്വാലുകള്‍ തൂങ്ങിയാടുന്നത്‌ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളാണ്‌ കറണ്ട്‌ കട്ടിന്‌ കാരണമാകുന്നതെന്ന്‌ ജീവനക്കാര്‍ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ഔദ്യോഗിക അറിയിപ്പായി വൈദ്യുതി വകുപ്പ്‌ ഇത്‌ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

ശിവരാജ്‌ സിങ്‌ ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നിലവാരം കുറഞ്ഞ ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിച്ചതാണ്‌ വൈദ്യുതിത്തകരാറുകള്‍ക്ക്‌ കാരണമെന്ന്‌ നേരത്തെ മധ്യപ്രദേശ്‌ സര്‍ക്കാര്‍ ആരോപിച്ചിരുന്നു. കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ സര്‍ക്കാരാണ്‌ ഇപ്പോള്‍ മധ്യപ്രദേശ്‌ ഭരിക്കുന്നത്‌.