ഭോപ്പാൽ: മധ്യപ്രദേശ് ആരോ​ഗ്യമന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് രോ​ഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. നേരത്തെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന ഏഴാമത്തെ മന്ത്രിയാണ് പ്രഭുറാം ചൗധരി.താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്ന് പ്രഭുറാം അഭ്യര്‍ത്ഥിച്ചു.

“എന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയി. ഞാനുമായി സമ്പർക്കത്തിൽ വന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാൻ അഭ്യർത്ഥിക്കുകയാണ്. അടുത്തിടപഴകിയവർ സ്വയം നിരീക്ഷണത്തിൽ പോകണം. നിങ്ങളുടെ പ്രാർത്ഥനകളോടും അനുഗ്രഹങ്ങളോടും കൂടി, ജനങ്ങളെ സേവിക്കുന്നതിനായി ഞാൻ ഉടൻ മടങ്ങിവരും“
പ്രഭുറാം ട്വിറ്ററിൽ കുറിച്ചു. 

തൊഴില്‍ വകുപ്പ് മന്ത്രി , മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി, ജലവകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പട്ടിക ജാതി-വര്‍ഗ്ഗ വകുപ്പ് മന്ത്രി എന്നിവര്‍ക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത്.