പൊലീസ് ഉദ്യോഗസ്ഥന്‍ ആള്‍ദൈവത്തിന്‍റെ കാല്‍ചുവട്ടിലിരുന്ന് സഹായം തേടുന്ന വീഡിയോ വൈറലായി. സംഭവം വിവാദമായത്തോടെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്താണ് പൊലീസ് മുഖം രക്ഷിച്ചത്.

ഭോപാല്‍: കൊലക്കേസ് പ്രതിയെ പിടിക്കാന്‍ ആൾദൈവത്തിന്‍റെ സഹായം തേടി മധ്യപ്രദേശ് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥന്‍ ആള്‍ദൈവത്തിന്‍റെ കാല്‍ചുവട്ടിലിരുന്ന് സഹായം തേടുന്ന വീഡിയോ വൈറലായി. സംഭവം വിവാദമായത്തോടെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്താണ് പൊലീസ് മുഖം രക്ഷിച്ചത്.

ഉത്തര്‍പ്രദേശിലെ ഛത്തര്‍പൂരില്‍ 17 കാരി കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിയെ പിടിക്കാന്‍ പൊലീസ് ആൾദൈവത്തിന്‍റെ സഹായം തേടിയത്. സ്വയം പ്രഖ്യാപിത ആൾദൈവം പണ്ടോഖര്‍ സര്‍ക്കാരിന്‍റെ ആശ്രമത്തിലാണ് സഹായം തേടി പൊലീസെത്തിയത്. യൂണിഫോമിലുള്ള എഎസ്ഐ ആൾദൈവത്തിന്‍റെ കാല്‍ചുവട്ടിലിരുന്ന് കേസിന്‍റെ വിവരങ്ങൾ കൈമാറി. തുടര്‍ന്ന് ആൾദൈവം പൊലീസ് സംശയിക്കുന്ന കുറേയാളുകളുടെ പേരുകൾ തിരിച്ചു പറഞ്ഞു. ഇതില്‍ താന്‍ പരാമര്‍ശിക്കാത്ത ആളെ പിടിച്ചാല്‍ കേസ് തെളിയുമെന്ന പ്രവചനവും കക്ഷി നടത്തി. മുഖ്യപ്രതിയുടെ സ്ഥലവും ഇയാളെ പിടിക്കാതെ കേസ് തീരില്ലെന്ന ഉപദേശവും നല്‍കാനും ആൾദൈവം മറന്നില്ല. 

നൂറു കണക്കിന് ആൾക്കാരെ സാക്ഷിയാക്കിയായിരുന്നു പൊലീസിന്‍റെ സഹായാഭ്യര്‍ഥന. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. സഹായം തേടി ആൾദൈവത്തിന്‍റെ കാല്‍ചുവട്ടില്‍ പോയ എഎസ്ഐയെയും സ്റ്റേഷന്‍ ചുമതലയുള്ള എസ്ഐയെയും ഉടനടി സസ്പെന്‍ഡ് ചെയ്താണ് പൊലീസ് മുഖം രക്ഷിച്ചത്. 

Scroll to load tweet…

ജൂലൈ 28 നാണ് 17 കാരിയെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കേസ് തെളിയിക്കാനായിരുന്ന പൊലീസിന്‍റെ സഹായാഭ്യര്‍ഥന. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയെ തുടര്‍ന്ന് 302-ാം വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പിന്നീട് തെളിവുകളുടെ അഭാവത്തിൽ ഇവരെ വിട്ടയച്ചു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് ആരുമായോ ബന്ധമുണ്ടെന്ന് സംശയിച്ച ഇയാള്‍ കൊലപ്പെടുത്തി കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് അറിയിച്ചു.