Asianet News MalayalamAsianet News Malayalam

പൊള്ളാച്ചി പീ‍ഡനക്കേസ്: ഉത്തരവിൽ പെൺകുട്ടിയുടെ പേര് പരാമ‍ര്‍ശിച്ച തമിഴ്നാട് സ‍‍ർക്കാരിന് പിഴ

കേസ് സിബിഐക്ക് കൈമാറിയുള്ള ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവിൽ പെൺകുട്ടിയുടെ പേര് പരാമർശിച്ചതിനാണ് തമിഴ്നാട് സർക്കാരിന് പിഴ ചുമത്തിയിരിക്കുന്നത്

madras high court finned tamilnad government on mentioning the name of pollachi rape survivor in government order
Author
Chennai, First Published Mar 15, 2019, 9:16 PM IST

ചെന്നൈ: പൊള്ളാച്ചി പീഡനക്കേസിൽ പീഡനത്തെ അതിജീവിച്ച പെൺകുട്ടിയുടെ പേര് പരാമ‍ർശിച്ച തമിഴ്നാട് സർക്കാരിന് പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. കേസ് സിബിഐക്ക് കൈമാറിയുള്ള ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവിൽ പെൺകുട്ടിയുടെ പേര് പരാമർശിച്ചതിനാണ് തമിഴ്നാട് സർക്കാരിന് പിഴ ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സർക്കാർ നൽകണമെന്ന്  മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കരച്ചിലിനെക്കുറിച്ച് ഒരു വീഡിയോയിലൂടെ  കമല്‍ഹാസന്‍ പ്രതികരിച്ചിരുന്നു. 'ആ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട നിമിഷം തൊട്ട് ഹൃദയം വേദനിക്കുകയാണ്, കണ്ണടയ്ക്കുമ്പോഴെല്ലാം ആ ശബ്ദം കാതുകളില്‍ വന്നടിക്കുന്നു. ആരാണ് ആ വീഡിയോ റിലീസ് ചെയ്തത്? അവര്‍ക്കെങ്ങനെ അതിനു കഴിഞ്ഞു' വീഡിയോയിലൂടെ കമലഹാസൻ പറഞ്ഞു. പെൺകുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചതിന് സമാനമായ കാര്യത്തിനാണ് സ‍ർക്കാർ ഉത്തരവിൽ പെൺകുട്ടിയുടെ പേര് പരാമ‍ർശിച്ചതിലൂടെ തമിഴ്നാട് സ‍ർക്കാരും ഉത്തരവാദിയായിരിക്കുന്നത്.

വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുകളിലൂടെ അമ്പതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഘത്തിലെ നാല് പേരാണ് കോസിൽ അറസ്റ്റിലായത്. തമിഴ്നാടും കര്‍ണാകയും കേന്ദ്രീകരിച്ച് പതിനഞ്ച് പേര്‍ സംഘത്തിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അണ്ണാഡിഎംകെ എംഎല്‍എ എന്‍ ജയരാമന്‍ മന്ത്രി എസ്പി വേലുമണി എന്നിവരുടെ മക്കള്‍ക്ക് പ്രതികളുമായി ബന്ധമുണ്ടെന്നും സര്‍ക്കാര്‍ സംരക്ഷണം ലഭിക്കുന്നുവെന്നുമാണ് ഡിഎംകെ ആരോപണം.

പീഡനത്തിന് ഇരയായ അമ്പതിലധികം പെണ്‍കുട്ടികളില്‍ പരാതി നല്‍കാന്‍ തയാറായ പൊള്ളാച്ചി സ്വദേശിയായ പെണ്‍കുട്ടിയുടെ കുടുംബത്തെ അണ്ണാഡിഎംകെ യുവജനവിഭാഗം നേതാവ് നാഗരാജ് മര്‍ദ്ദിച്ചിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കകം വിട്ട് അയച്ചതിന് എതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ബിജെപി പ്രതികരിച്ചു. വിഷയം തമിഴ്നാട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്.

കേസിൽ അറസ്റ്റിലായ തിരുന്നാവക്കരശന്‍, ശബരിരാജന്‍, സതീഷ്, വസന്തകുമാര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് അമ്പതോളം സ്ത്രീകളുടെ ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തിരുന്നു.  വെറുതെ വിടണമെന്ന് പ്രതികളോട്  അപേക്ഷിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സമാനതകളില്ലാത്ത പീഡന പരമ്പര പുറത്തറിഞ്ഞതോടെ ചെന്നൈയില്‍ ഉള്‍പ്പടെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് നടന്നത്.  

Follow Us:
Download App:
  • android
  • ios