ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് എതിരെ നടപടി എടുക്കുമെന്ന് മദ്രാസ് ഐഐടി. ക്യാമ്പസിന് പുറത്ത് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നുണ്ടെന്നും കർശന നടപടി ഉണ്ടാകുമെന്നും മദ്രാസ് ഐഐടി ഡീന്‍ വിദ്യാർത്ഥികൾക്ക് താക്കീത് നൽകി. ഇ മെയിലൂടെയാണ് ഭീഷണി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് മദ്രാസ് ഐഐടിയില്‍ പ്രകടനങ്ങളും മുദ്രാവാക്യങ്ങളും വിലക്കിയിരിക്കുകയാണ്. ചര്‍ച്ച മാത്രമേ പാടുള്ളൂ എന്നാണ് ഡീന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പ്രകടനം ഐഐടി പാരമ്പര്യമല്ലെന്നാണ് മദ്രാസ് ഐഐടി വാദിക്കുന്നത്. വിലക്കിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഐഐടി അധികൃതരുടെ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പ്രക്ഷോഭങ്ങള്‍ തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. 

ദേശവ്യാപകമായി നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ പൊലീസ് പ്രവേശിച്ചതിന് എതിരെ ഐഐടി വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. അതേസമയം, പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടങ്ങി. രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദ ദാനച്ചടങ്ങ് ബഹിഷ്കരിക്കാന്‍ സ്റ്റുഡന്‍റ് കൗണ്‍സില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. റാങ്ക് ജേതാക്കള്‍ അടക്കമുള്ളവര്‍ ബിരുദ ദാനച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്