രാംപുര്‍: രാജ്യത്തെ മദ്റസകള്‍ ഗോഡ്സെയെയോ പ്രഗ്യാ സിംഗ് ഠാക്കൂറിനെ സൃഷ്ടിക്കുന്നില്ലെന്ന് എസ്പി നേതാവും എംപിയുമായ അസം ഖാന്‍. മദ്റസകള്‍ക്കായി മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ പദ്ധതിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മദ്റസകള്‍ ഒരിക്കലും ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെയെ പോലുള്ളവരെയോ പ്രഗ്യാ സിംഗ് ഠാക്കൂറിനെപ്പോലെയുള്ള ജനാധിപത്യ വിരുദ്ധരെയോ സൃഷ്ടിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മദ്റസകളില്‍ മതപഠനം നടക്കുന്നതൊടൊപ്പം ഇംഗ്ലീഷും ഹിന്ദിയും കണക്കും പഠിപ്പിക്കുന്നു. നിങ്ങള്‍ക്ക് അവയുടെ നിലവാരം ഉയര്‍ത്തണമെങ്കില്‍ നല്ല കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ഫര്‍ണിച്ചറുകള്‍ നല്‍കുകയും ഉച്ചഭക്ഷണം ഏര്‍പ്പാടാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മദ്റസകള്‍ക്കായി പ്രഖ്യാപിച്ച പദ്ധതിയെയും അദ്ദേഹം വിമര്‍ശിച്ചു. 

കഴിഞ്ഞ ദിവസമാണ് മദ്റസകളെ ആധുനികവത്കരിക്കാന്‍ പദ്ധതി കൊണ്ടുവരുമെന്ന് ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി പ്രഖ്യാപിച്ചത്. മദ്റസകളിലെ വിദ്യാര്‍ത്ഥികള്‍ ഔദ്യോഗിക വിദ്യാഭ്യാസം നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നായിരുന്നു പ്രഖ്യാപനം. മദ്റസ അധ്യാപകര്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, കണക്ക് എന്നിവ പഠിപ്പിക്കാന്‍ പരിശീലനം നല്‍കുന്ന പരിപാടി അടുത്ത മാസം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.