കൊല്‍ക്കത്ത: കൈകാലുകള്‍ ബന്ധിച്ച്‌ നദിയില്‍ ചാടിയ ശേഷം രക്ഷപ്പെടുന്ന മാജിക്‌ അവതരിപ്പിക്കുന്നതിനിടെ മജീഷ്യനെ കാണാതായി. പശ്ചിമബംഗാളിലെ സൊനാര്‍പൂര്‍ സ്വദേശിയായ ചഞ്ചല്‍ സര്‍ക്കാര്‍ എന്ന മജീഷ്യനെയാണ്‌ കാണാതായത്‌. ഹൂഗ്ലി നദിയിലേക്കാണ്‌ ഇയാള്‍ ചാടിയത്‌.

ഞായറാഴ്‌ച്ചയായിരുന്നു സംഭവം. ഉച്ചയ്‌ക്ക്‌ പന്ത്രണ്ടരയോടെയാണ്‌ ഹൗറാ പാലത്തിന്‌ താഴെ നിര്‍ത്തിയ ബോട്ടില്‍ നിന്ന്‌ ചഞ്ചല്‍ നദിയിലേക്ക്‌ ചാടിയത്‌. മാജിക്‌ കാണാന്‍ പാലത്തില്‍ നിന്നവരാണ്‌ ഏറെ നേരത്തിന്‌ ശേഷവും ചഞ്ചലിനെ കാണാഞ്ഞതിനെത്തുടര്‍ന്ന്‌ പൊലീസില്‍ വിവരമറിയിച്ചത്‌. പൊലീസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ചഞ്ചലിനെ കണ്ടെത്താനായില്ല.

ലോകപ്രശസ്‌ത മജീഷ്യന്‍ ഹാരി ഹൗഡിനി പരീക്ഷിച്ച്‌ വിജയിച്ച ജാലവിദ്യയാണ്‌ ചഞ്ചല്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്‌. മാന്‍ഡ്രേക്‌ എന്ന പേരില്‍ മാജിക്‌ അവതരിപ്പിക്കുന്ന 42കാരനായ ചഞ്ചല്‍ ഹാരി ഹൗഡിനിയുടെ കടുത്ത ആരാധകനാണ്‌.