സോണ്‍ വ്യത്യാസമില്ലാതെ എല്ലാ ജില്ലകളിലും മദ്യഷാപ്പുകള്‍ തുറക്കാനാണ് കര്‍ണാകയുടെ തീരുമാനം. 

മുംബൈ/ബെംഗളൂരു: കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന്‌ ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തില്‍ മദ്യശാലകള്‍ തുറക്കാന്‍ തയ്യാറായി മഹാരാഷ്ട്രയും കര്‍ണാകയും. അസമിലും മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച മുതല്‍ ഈ സംസ്ഥാനങ്ങളില്‍ മദ്യഷാപ്പുകള്‍ തുറക്കും. സോണ്‍ വ്യത്യാസമില്ലാതെ എല്ലാ ജില്ലകളിലും മദ്യഷാപ്പുകള്‍ തുറക്കാനാണ് കര്‍ണാകയുടെ തീരുമാനം. റെഡ്‌സോണ്‍ ജില്ലകളിലെ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ മദ്യഷാപ്പുകള്‍, മാളുകളിലെയും ഷോപ്പിംഗ് കോംപ്ലക്‌സുകളിലെയും മദ്യഷാപ്പുകള്‍ എന്നിവ തുറക്കില്ല. മദ്യഷാപ്പുകള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര നിര്‍ദേശത്തില്‍ കുറച്ചുകൂടി വ്യക്തത വരാനുണ്ടെന്ന് എക്‌സൈസ് മന്ത്രി എച്ച് നാഗേഷ് പറഞ്ഞു.

ഔട്ട്‌ലെറ്റുകള്‍ മാത്രം തുറന്നാല്‍ മതിയെന്നും പബ്ബുകള്‍, ബാറുകള്‍, ബാര്‍ റെസ്റ്ററന്റുകള്‍ എന്നിവ തുറക്കരുതെന്നും കേന്ദ്രം നിര്‍ദേശം നല്‍കി. സാമൂഹിക അകലം പാലിച്ച് മാത്രമേ വില്‍പന നടത്താവൂ എന്നും നിര്‍ദേശിച്ചിരുന്നു. കര്‍ശന ഉപാധികളോടെ എല്ലാ സോണിലെയും മദ്യഷാപ്പുകള്‍ തുറക്കാനാണ് മഹാരാഷ്ട്രയും തീരുമാനിച്ചത്.

രോഗവ്യാപനം സ്ഥിരീകരിച്ച സ്ഥലങ്ങളും മാളുകളും ഒഴിവാക്കും. എല്ലാ മദ്യഷാപ്പുകളും തുറക്കാന്‍ അസം സര്‍ക്കാറും തീരുമാനിച്ചു. ഏപ്രില്‍ 12ന് അസം മദ്യഷാപ്പുകള്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും കേന്ദ്രം തടയുകയായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ മദ്യഷാപ്പുകള്‍ തുറക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അതേസമയം, തീരുമാനം താല്‍ക്കാലികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ മദ്യവില്‍പന കേരളം ആരംഭിക്കാന്‍ ആലോചിക്കുന്നുവെന്നും സൂചനയുണ്ടായിരുന്നു.