മുംബൈ: ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ മഹാരാഷ്ട്രയിൽ സ‍ർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചതോടെ, ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് ബിജെപി. എന്നാൽ മുഖ്യ സഖ്യകക്ഷിയായ ശിവസേന തങ്ങളുടെ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. മുഖ്യമന്ത്രി പദം പങ്കുവച്ചില്ലെങ്കിൽ മുന്നണി ബന്ധം തന്നെ അവസാനിപ്പിക്കുമെന്ന ഭീഷണിയാണ് ശിവസേനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

പ്രതിപക്ഷ പാർട്ടികളെ ഒപ്പം കൂട്ടാനുള്ള ചർച്ചകളാണ് ശിവസേന നടത്തുന്നത്. നാളെ രാത്രി 8 മണിക്കുള്ളിൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടോ എന്ന് അറിയിക്കാനാണ് ഫഡ്നാവിസിനോട് ഗവർണർ ആവശ്യപ്പെട്ടത്. പിന്തുണയ്ക്കുന്നവരുടെ കത്തുമായി ഗവർണറെ കാണാം. അല്ലെങ്കിൽ ഭൂരിപക്ഷം തെളിയിക്കാൻ സാവകാശം തേടി അധികാരമേൽക്കാം. കഴിഞ്ഞ തവണ 122 എംഎൽഎമാരുമായി സർക്കാരുണ്ടാക്കിയ ശേഷം നിയമസഭയിൽ സേനയുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിച്ച ചരിത്രം ബിജെപിക്കുണ്ട്. അതുകൊണ്ട് നിലവിലെ സാഹചര്യത്തിൽ രണ്ടാമത്തേതിനാണ് സാധ്യത. 

മുഖ്യമന്ത്രി പദം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്ന ശിവസേന, പ്രതിപക്ഷത്തോടൊപ്പം ചേർന്ന് സർക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ്. സേനയില്ലെങ്കിൽ എൻസിപിയെ ഒപ്പം കൂട്ടാനാവുമോ എന്ന് ബിജെപി നേതൃത്വം ആലോചിച്ച് തുടങ്ങിയിട്ടുണ്ട്. 2014ൽ സമാന സാഹചര്യത്തിൽ ബിജെപിയെ പിന്തുണയ്ക്കാൻ തയാറായി വന്നവരാണ് എൻസിപി. പക്ഷെ വിശ്വാസവോട്ടെടുപ്പ് നടന്നാൽ ബിജെപിക്ക് എതിരെ വോട്ട് ചെയ്യുമെന്ന് മുതിർന്ന എൻസിപി നേതാവ് നവാബ് മാലിക്ക് ഇന്നലെ പറഞ്ഞു. ഇതോടെ ബിജെപിക്ക് മുന്നിലുള്ള പ്രതിസന്ധികൾ ഏറിയിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടാൽ അടുത്ത ഊഴം സേനയ്ക്കാണ്.സേനയോട് സഹകരിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം സോണിയാ പവാർ കൂടിക്കാഴ്ചയ്ക്ക് ശേഷമാവും.