മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുനല്‍കിയാൽ പണം നല്‍കാമെന്ന് പരസ്യമായി ജനങ്ങളോട് വാ​ഗ്ദനം ചെയ്യുന്ന ബിജെപി അധ്യക്ഷന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മഹാരാഷ്ട്രയിലെ ബിജെപി അധ്യക്ഷനും എംപിയുമായ റാവുസാഹേബ് ധന്‍വേയുടെ വീഡിയോ ആണ് പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എല്ലാ കള്ളമ്മാരും ഒരുമിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷത്തെ ഉദ്ധരിച്ചുകൊണ്ട് ധന്‍വേ പറഞ്ഞു.

'ഞാന്‍ നിങ്ങള്‍ക്ക് പണം നല്‍കാം പകരം തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ എന്നെ പിന്തുണക്കണം. എനിക്കെതിരെ നില്‍ക്കുന്നവരുടെ പക്കല്‍ പണം ഇല്ല, നിങ്ങള്‍ എന്നെ പിന്തുണക്കില്ലെ?'- ധന്‍വേ പറഞ്ഞു. എല്ലാ കള്ളന്മാരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒത്തുചേർന്നിരിക്കുകയാണെന്നും ജല്‍നയിലെ കള്ളന്മാര്‍ തനിക്കെതിരെയാണെന്നും ധന്‍വേ കൂട്ടിച്ചേർത്തു. 

മാര്‍ച്ച് 2ന് ജല്‍നയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് വോട്ടർമ്മാരോട് നേതാവ് പരസ്യമായി പണം വാ​ഗ്ദാനം ചെയ്തത്. ബിജെപിയുടെ ധാര്‍ഷ്‌ട്യത്തിന് മറുപടി നൽകുന്നതിനുവേണ്ടി ധന്‍വേയ്‌ക്കെതിരെ മത്സരിക്കുമെന്ന് ജൽനയിലെ പ്രാദേശിക എംഎൽഎയും ശിവസേന മന്ത്രിയുമായ അര്‍ജുന്‍ ഖോട്കര്‍ നേരത്തെ പറഞ്ഞിരുന്നു.