Asianet News MalayalamAsianet News Malayalam

അനിശ്ചിതത്വങ്ങള്‍ക്ക് അവസാനമായി; മഹാരാഷ്ട്രയിൽ മന്ത്രിസഭ അധികാരമേറ്റു, ആകെ 18 മന്ത്രിമാര്‍

18 പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ഷിൻഡെ  ക്യാമ്പിലും ബിജെപി ക്യാമ്പിലും അതൃപ്തർ വിമർശനവുമായി രംഗത്തെത്തി.

maharashtra cabinet expanded with 18 ministers
Author
Mumbai, First Published Aug 9, 2022, 2:19 PM IST

മുംബൈ: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്രയിൽ മന്ത്രിസഭ വികസിപ്പിച്ചു. 18 പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ഷിൻഡെ  ക്യാമ്പിലും ബിജെപി ക്യാമ്പിലും അതൃപ്തർ വിമർശനവുമായി രംഗത്തെത്തി.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചേർന്ന് ഭരിച്ച 40 ദിനങ്ങളാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞുപോയത്.  പ്രളയമടക്കം പ്രതിസന്ധികൾ നേരിട്ടപ്പോഴും സംസ്ഥാനത്തെ ഭരണം നിയന്ത്രിച്ചത് ഉദ്യോഗസ്ഥരാണ്. മന്ത്രിസ്ഥാനം കിട്ടാത്തവർ പാലം വലിക്കുമോ എന്ന ഭയം ഒരുവശത്ത്. ഏക്നാഥ് ഷിന്‍ഡെയും ദേവേന്ദ്ര ഫഡ്നാവിസും പലവട്ടം ദില്ലിയിൽ പോയി ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമാണ് ഇപ്പോഴത്തെ മന്ത്രിസഭാ വികസനം.

9 മന്ത്രിമാരെ വീതം ഷിൻഡെ-ബിജെപി പക്ഷങ്ങൾ പങ്കുവച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അടക്കമുള്ള മുൻ മന്ത്രിമാർ പലരും പുതിയ മന്ത്രിസഭയിലും ഉണ്ട്. മന്ത്രിസ്ഥാനം നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അനുയായികൾ ഭീഷണി മുഴക്കിയ സേനാ എംഎൽഎ അബ്ദുൾ സത്താറും സത്യപ്രതിജ്ഞ ചെയ്തു. അതേസമയം ഏക്നാഥ് ഷിൻഡെ വാക്ക് പാലിച്ചില്ലെന്ന് പ്രഹാർ ജൻശക്തി പാർട്ടി നേതാവ് ബച്ചു കദു പ്രതിഷേധിച്ചു. കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരുന്ന ബച്ചുവിന് മന്ത്രി സ്ഥാനം ഉറപ്പ് നൽകിയായിരുന്നു ശിൻഡെ ഒപ്പം നിർത്തിയത്.  ഷിൻഡെ ക്യാമ്പിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്ത സഞ്ജയ് റാത്തോഡിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് തന്നെ രംഗത്തെത്തി. ഒരു യുവതിയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായതിനെ തുടർന്ന് കഴിഞ്ഞ സർക്കാരിൽ രാജിവച്ചയാളാണ് സഞ്ജയ്.

അതേസമയം, ബിഹാറിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾ നടക്കുകയാണ്. ബിജെപിയുമായുള്ള പോര് കനത്തതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎ മുന്നണി വിട്ട് പുറത്തേക്ക് തന്നെയെന്ന് ഉറപ്പായി. എൻഡിഎ വിട്ടെത്തിയാൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്തുണ നൽകാമെന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡി രാവിലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മുന്നണി വിട്ടെത്തിയാൽ നിതിഷിനെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇരു പാർട്ടികളും പിന്തുണയറിയിച്ച് നിതീഷ് കുമാറിന് കത്ത് നൽകി.  . ഗവർണ്ണറുമായുള്ള കൂടിക്കാഴ്ചക്ക് നിതീഷ് കുമാർ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വൈകുന്നേരം നാല് മണിക്ക് ഗവർണർ- മുഖ്യമന്ത്രി കൂടിക്കാഴ്ച നടന്നേക്കും. (വിശദമായി വായിക്കാം....)

Read Also; രാജ്യം വിദ്വേഷ രാഷ്ട്രീയത്തിന്‍റെ പിടിയില്‍; ഗാന്ധിയൻ ആശയങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമെന്നും തുഷാര്‍ ഗാന്ധി

Follow Us:
Download App:
  • android
  • ios