Asianet News MalayalamAsianet News Malayalam

24 മണിക്കൂറിൽ 3041 പേര്‍ക്ക് രോഗം, മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾ അരലക്ഷം കടന്നു

ഇന്ന് മാത്രം 58 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചതോടെ കൊവിഡിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 1635 ആയി.

maharashtra covid 19 cases
Author
Mumbai, First Published May 24, 2020, 7:47 PM IST

മുംബൈ: കൊവിഡ് മഹാമാരി കൂടുതല്‍ നാശം വിതച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം അരലക്ഷം കടന്നു. ആകെ രോഗികൾ 50231 ആയി. 24 മണിക്കൂറുകള്‍ക്കിടെ 3041 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരു ദിവസം രോഗികളുടെ എണ്ണം 3000 കടക്കുന്നത്. 1196 പേർക്കാണ് ഇന്ന് രോഗം ഭേദമായത്. സംസ്ഥാനത്ത് ആകെ രോഗം ഭേദമായവർ 14600 ആയി. ഇന്ന് മാത്രം 58 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചതോടെ കൊവിഡിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 1635 ആയി. അതിനിടെ മുംബൈയിൽ മാത്രം രോഗികൾ 30,000 കടന്നു. 30542 പേര്‍ക്കാണ് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത്. 

സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണത്തിൽ കൊണ്ടുവരാൻ ഇതുവരെയും സാധിച്ചിട്ടില്ല. അതിനിടെ ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങുന്നതിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടുതൽ സമയം ചോദിച്ചു. ദിനംപ്രതി രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ മേയ് 31ന് തന്നെ ലോക്ക്ഡൗൻ അവസാനിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. മൺസൂൺ വരാനിരിക്കുന്നതിനാൽ രോഗികളുടെ എണ്ണത്തിൽ വർധനക്ക് സാധ്യതയുണ്ട്. അതിനാൽ തയ്യാറെടുപ്പുകൾക്ക് കൂടുതൽ സമയം വേണമെന്ന് ഉദ്ധവ് താക്കറെ കേന്ദ്ര വ്യോമയാന മന്ത്രിയോട് ആവശ്യപ്പെട്ടു.    

അതേ സമയം കേരളം എതിർത്തതോടെ മഹാരാഷ്ട്രയിലെ താനെയിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടേണ്ട ശ്രമിക് ട്രെയിൻ അവസാന നിമിഷം റദ്ദാക്കി. ഇന്ന് വൈകീട്ട് ആറ് മണിക്ക് എറണാകുളം സൗത്തിലേക്ക് പുറപ്പെടേണ്ട ട്രെയിൻ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റദ്ദാക്കിയത്. നിലവിലെ കേന്ദ്രനിർദ്ദേശപ്രകാരം യാത്ര പുറപ്പെടാൻ കേരളത്തിന്‍റെ അനുമതി വേണ്ടെങ്കിലും ഔദ്യോഗികമായി ലഭിച്ച അഭ്യർഥനമാനിക്കുകയാണെന്ന് താനെയിലെ നോഡൽ ഓഫീസർ യാത്രക്കാരെ അറിയിച്ചു.

Follow Us:
Download App:
  • android
  • ios