മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും റെക്കോഡ് വർധന. 1362 കേസുകളാണ് സംസ്ഥാനത്ത് ഇന്ന് മാത്രം റെക്കോർഡ് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം 18120 ആയി. അതിനിടെ കൊവിഡ് രോഗികളെ മൃതദേഹങ്ങൾക്കൊപ്പം കിടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് രംഗത്തെത്തിയതോടെ രാഷ്ട്രീയ വിവാദവും മുറുകി.

ധാരാവിയിൽ മാത്രം 50 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇവിടെ മാത്രം 783 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 

മുംബൈയിലെ ആശുപത്രിയിൽ രോഗികൾക്കൊപ്പം മൃതദേഹങ്ങളും കിടത്തിയിരിക്കുന്നുവെന്ന് ബിജെപി എംഎൽഎ നിതേഷ് റാണയാണ് ആരോപിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾളും അദ്ദേഹം ട്വീറ്റ് ചെയ്തു. മുംബൈ കോർപ്പേറേഷന്റെ നിയന്ത്രണത്തിലുള്ള സയൻ ആശുപത്രിയിലെ ദൃശ്യങ്ങളാണിവയെന്നും നീക്കം ചെയ്യാത്ത ആറ് മൃതദേഹങ്ങൾ വാർഡിൽ തന്നെ കിടത്തിയിരിക്കുന്നുവെന്നുമാണ് ആരോപണം.

ആശുപത്രിയുടെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച് വിശദീകരണം ലഭിച്ചിട്ടില്ല. എന്നാൽ ഈ സമയം രാഷ്ട്രീയക്കളിക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. മൃതദേഹം കറുത്ത കവറിൽ പൊതിയുന്നത് രോഗവ്യാപനം തടയാനാണെന്ന് അദ്ദേഹം പറഞ്ഞു. ബന്ധുക്കൾ മൃതദേഹം സ്വീകരിക്കാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ മൃതദേഹം മോർച്ചറിയിലേക്കും മറ്റും മാറ്റാൻ സമയമെടുക്കാറുണ്ട്. ഇനി എല്ലാ നടപടിക്രമവും അര മണിക്കൂറിനുള്ളിൽ തീർക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.