നാസിക്കിലെ വിവാദ ആൾദൈവം അശോക് ഖരാത്ത് 150-ലധികം സ്ത്രീകളെ ലഹരിമരുന്ന് നൽകി ലൈംഗികമായി ചൂഷണം ചെയ്തതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇയാളുടെ ഓഫീസിലെ രഹസ്യ ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വെളിച്ചത്തായത് 

നാസിക്: ആത്മീയതയുടെ മറവിൽ നൂറുകണക്കിന് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത വിവാദ ആൾദൈവവും ജ്യോത്സ്യനുമായ അശോക് ഖരാത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പ്രത്യേക അന്വേഷണ സംഘം. വിഐപി ജ്യോത്സ്യനെന്നും ക്യാപ്റ്റൻ എന്നും സ്വയം വിശേഷിപ്പിച്ചിരുന്ന ഇയാൾ 150-ലധികം സ്ത്രീകളെ പീഡനത്തിനിരയാക്കിയതായാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിന് പിന്നാലെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വൻ വിവാദമാണ് പുകയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഹിപ്നോട്ടിസം ചെയ്യാനെന്ന വ്യാജേന സ്ത്രീകൾക്ക് ലഹരിമരുന്ന് കലർത്തിയ പാനീയങ്ങൾ നൽകിയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. ഒരു 35-കാരി നൽകിയ പരാതിയിലാണ് കഴിഞ്ഞ 19-ന് ഇയാൾ അറസ്റ്റിലായത്. ഖരാത്തിന്റെ ഓഫീസിനുള്ളിൽ സ്ഥാപിച്ചിരുന്ന രഹസ്യ ക്യാമറകളിൽ നിന്ന് സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിന്റെ ഭീകര ദൃശ്യങ്ങൾ പzeലീസിന് ലഭിച്ചു. ഇയാളുടെ ഓഫീസും മൊബൈൽ ഫോണുകളും പൊലീസ് സീൽ ചെയ്തു. നിലവിൽ ഏഴ് പീഡനക്കേസുകളും രണ്ട് സാമ്പത്തിക തട്ടിപ്പ് കേസുകളുമാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓരോ ദിവസവും പുതിയ പരാതികൾ പൊലീസിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്.

പ്രതിയുമായി ഉന്നത രാഷ്ട്രീയ നേതാക്കൾക്കുള്ള ബന്ധം പുറത്തുവന്നതോടെ കേസ് രാഷ്ട്രീയ വിവാദമായി മാറി. എൻസിപി അജിത് പവാർ വിഭാഗം നേതാവും സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ രൂപാലി ചകങ്കർക്ക് ഖരാട്ടുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നു. ഖരാത്തിന്റെ ട്രസ്റ്റിൽ ഇവർ അംഗമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനവും പാർട്ടി സ്ഥാനങ്ങളും ഇവർ രാജിവെച്ചു. മുൻ മന്ത്രിയും ശിവസേന നേതാവുമായ ദീപക് കെസാർക്കറുടെ പേരും വിവാദത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. രൂപാലി ചകങ്കറെ ചോദ്യം ചെയ്യാൻ എസ്ഐടി നോട്ടീസ് നൽകിയെങ്കിലും അവർ ഇതുവരെ ഹാജരായിട്ടില്ല.