സമീറിന്‍റെ പേരിലുള്ള ബാർ ഹോട്ടലിന് ലൈസൻസ് കിട്ടിയത് തെറ്റായ വിവരങ്ങൾ സമർപ്പിച്ചിട്ടാണെന്ന് എക്സൈസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സമീറിന് നോട്ടീസും നൽകി.

മുംബൈ: എൻസിബി (NCB) സോണൽ ഡയറക്ടർ സമീർ വാംഗഡെയ്ക്കെതിരെ (Sameer Wankhede) നടപടിക്കൊരുങ്ങി മഹാരാഷ്ട്രാ എക്സൈസ് വിഭാഗം (Maharashtra Excise) . സമീറിന്‍റെ പേരിലുള്ള ബാർ ഹോട്ടലിന് ലൈസൻസ് കിട്ടിയത് തെറ്റായ വിവരങ്ങൾ സമർപ്പിച്ചിട്ടാണെന്ന് എക്സൈസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സമീറിന് നോട്ടീസും നൽകി.

വ്യാജ ജാതിസർട്ടിഫിക്കറ്റ് വിവാദവും ലഹരി മരുന്ന് കേസിലെ തിരിമറികളുമടക്കം ആരോപണങ്ങളിൽ നട്ടം തിരിയുന്നതിനിടെയാണ് സമീർ വാംഗഡെയ്ക്കെതിരെ എക്സൈസ് വിഭാഗവും നടപടിക്കൊരുങ്ങുന്നത്. നവിമുംബൈയിലെ വാഷിയിലാണ് സദ്ഗുരു എന്നപേരിൽ സമീറിന്‍റെ ബാർ ഹോട്ടൽ. 21 വയസാണ് ബാർ ലൈസൻസ് കിട്ടാനുള്ള കുറഞ്ഞ പ്രായം. എന്നാൽ 1997ൽ ലൈസൻസ് കിട്ടുമ്പോൾ സമീറിന് പ്രായപൂർത്തിയായിരുന്നില്ല. എക്സൈസ് വിഭാഗത്തിൽ ജോലിചെയ്തിരുന്ന സമീറിന്‍റെ അച്ഛനാണ് തിരിമറികൾ ചെയ്തതെന്നാണ് നിഗമനം.

തട്ടിപ്പ് കേസുകളിൽ സമീറിനെ ജയിലിലയക്കുമെന്ന് പ്രഖ്യാപിച്ച എൻസിപി മന്ത്രി നവാബ് മാലിക്കാണ് ബാറിനെക്കുറിച്ചുള്ള വിവരങ്ങളും ആദ്യം പുറത്ത് കൊണ്ട് വന്നത്. കേന്ദ്ര സർവീസിൽ ജോലി ചെയ്യുന്ന വേളയിൽ ബാർ നടത്തുന്നത് ചട്ടലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ സർക്കാർ ജോലി ലഭിച്ചപ്പോൾ നടത്തിപ്പു ചുമതല പിതാവിനു കൈമാറിയെന്നും ബാറിൽ നിന്നുള്ള വരുമാനവിവരങ്ങൾ ആദായനികുതി റിട്ടേണിനൊപ്പം സർക്കാരിനെ അറിയിച്ചിട്ടുള്ളതാണെന്നുമാണ് വാങ്കഡെയുടെ ന്യായീകരണം.