മുംബൈ: സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട ശിവസേന എംഎൽഎമാര്‍ക്ക് പൊലീസ് സംരക്ഷണം വേണമെന്ന് ശിവസേന. ഇക്കാര്യം ഉന്നയിച്ച് മുംബൈ പൊലീസ് കമ്മിഷണര്‍ സഞ്ജയ് ബ‍‍ര്‍വെക്കാണ് കത്ത് നൽകിയിരിക്കുന്നത്. ശിവസേനയെ അനുനയിപ്പിക്കാൻ ആര്‍എസ്എസിനെ തന്നെ രംഗത്തിറക്കിയെങ്കിലും ബിജെപിക്ക് ഉദ്ദേശിച്ച കാര്യം നേടാനായില്ല.

മുഖ്യമന്ത്രി സ്ഥാനം ഫഡ്‌നവിസ് രാജിവച്ചതോടെ ഇനി മഹാരാഷ്ട്രയുടെ ഭാവി ഗവര്‍ണറുടെ തീരുമാനത്തിലായി. എൻസിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ശിവസേന വീണ്ടും സജീവമാക്കിയിട്ടുണ്ട്. ശരദ് പവാറിനെ കാണാൻ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പവാറിന്റെ വസതിയിലെത്തി. 

ദേവേന്ദ്ര ഫഡ്നവിസും അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന ബിജെപി മന്ത്രിമാരും രാജ്ഭവനിലെത്തിയതോടെ മഹാരാഷ്ട്രയിൽ ബിജെപി സ‍ര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കുന്നുവെന്ന അഭ്യൂഹങ്ങളാണ് പരക്കുന്നത്. ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവക്കാനാണ് ഫഡ്‌നവിസ് എത്തിയതെന്നാണ് സൂചന. നാളെ വൈകിട്ട് നാല് വരെയാണ് സംസ്ഥാനത്ത് ദേവേന്ദ്ര ഫഡ്‌നവിസിന് കാവൽ മുഖ്യമന്ത്രിയായി തുടരാൻ സാവകാശം ഉള്ളത്.