മരണസമയത്ത് രാജു ധരിച്ച ടി ഷര്‍ട്ടില്‍ 'ബിജെപി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കുക' എന്ന് എഴുതിയിരുന്നു

മുംബൈ: ബിജെപിയുടെ ടീഷര്‍ട്ട് ധരിച്ച് മഹാരാഷ്ട്രയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. 38 കാരനായ രാജു തല്‍വാരെയാണ് ബുല്‍ധാന ജില്ലയില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ രണ്ട് ദശാബ്ദമായി സംസ്ഥാനത്തെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതമാണ് മസംഭവം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേവേന്ദ്രഫട്നവിസ് സര്‍ക്കാരിനെ പിടിച്ചുലയ്ക്കാന്‍ പോന്നതാണ് മഹാരാഷ്ട്രയില്‍ തുടരുന്ന കര്‍ഷക പ്രതിസന്ധി. 

രാവിലെ 11 മണിയോടെ ജല്‍ഗോണിലെ ഇയാളുടെ വീട്ടില്‍ തന്നെയാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. മരണസമയത്ത് രാജു ധരിച്ച ടി ഷര്‍ട്ടില്‍ 'ബിജെപി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കുക' എന്ന് എഴുതിയിരുന്നു. രാജുവിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും കടക്കെണിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

മഹാരാഷ്ട്രയിലെ നിലവിലെ മന്ത്രിയായ സഞ്ജയ് കട്ടെയാണ് ജല്‍ഗോണിലെ ബിജെപി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ 20 വര്‍ഷമായി മഹാരാഷ്ട്ര കാര്‍ഷിക പ്രതിസന്ധി നേരിടുകയാണ്. ഭരണത്തില്‍ തിരിച്ചുവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി - ശിവസേന സഖ്യം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 16000 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്ന കണക്കുമായി ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് എന്‍സിപിയും കോണ്‍ഗ്രസും.