Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രീയം: സുപ്രീം കോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം; ഹ‍ർജി ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് ദില്ലിയിലില്ല. തിരുപ്പതിയിലുള്ള ചീഫ് ജസ്റ്റിസ് എസ് എ ബോബ്‍ഡെ നാളെയേ മടങ്ങൂ. തിരുപ്പതി ക്ഷേത്രത്തിലെ സഹസ്ര ദീപാലങ്കാര സേവയ്ക്ക് കുടുബസമേതം പോയിരിക്കുകയാണ് ചീഫ് ജസ്റ്റിസ്. 

maharashtra government formation what all are the legal challenges expected in supreme court
Author
New Delhi, First Published Nov 23, 2019, 9:40 PM IST

ദില്ലി: മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്‍നവിസിന്‍റെ പുലർച്ചെയുള്ള സത്യപ്രതിജ്ഞയെയും സർക്കാർ രൂപീകരണത്തെയും എതിർത്ത് കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നിവര്‍ നൽകിയ ഹർജി ഇന്ന് 11.30ന് പരിഗണിക്കും. ജസ്റ്റിസുമാരായ രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുക. ശനിയാഴ്ച രാത്രി തന്നെ ഹ‍ർജി പരിഗണിക്കണമെന്ന് ശിവസേനയും കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡ‍െ ദില്ലിയിൽ ഇല്ല.

തിരുപ്പതി ക്ഷേത്ര ദർശനത്തിന് പോയ ചീഫ് ജസ്റ്റിസ് നാളെയേ മടങ്ങൂ. എന്നാൽ അടിയന്തരമായി പരിഗണിക്കണമെന്ന് കോൺഗ്രസും സേനയും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് അവധി ദിവസമായിട്ടും ഞായറാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്.  സത്യപ്രതിജ്ഞ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹ‍ർജി നൽകാനെത്തിയ കോൺഗ്രസിന്‍റെ രൺദീപ് സിംഗ് സുർജേവാലയുടെയും ശിവസേനയുടെ എംപി ഗജാനൻ കീർത്തികറിന്‍റെയും നേതൃത്വത്തിലുള്ള സംഘത്തെയാണ് സുപ്രീംകോടതി റജിസ്ട്രി ഈ വിവരമറിയിച്ചത്. 

പ്രതീക്ഷ എത്രത്തോളം?

എന്നാൽ സുപ്രീംകോടതിയിൽ എത്രത്തോളം പ്രതീക്ഷ വച്ചു പുലർത്താനാകുമെന്നതിൽ സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. രാത്രി തന്നെ ഹർജി പരിഗണിക്കും എന്നായിരുന്നു കോൺഗ്രസിന്‍റെയും സേനയുടെയും പ്രതീക്ഷ. 

കീഴ്‍വഴക്കങ്ങൾ ലംഘിച്ച് കർണാടകത്തിലെ രാഷ്ട്രീയപ്രതിസന്ധിയിൽ സുപ്രീംകോടതി ഇടപെട്ട ചരിത്രമുണ്ടല്ലോ. അന്ന് 24 മണിക്കൂറിനകം ഹർജി പരിഗണിക്കാനായിരുന്നു സുപ്രീംകോടതി ഉത്തരവ്. സമാനമായ ഉത്തരവ് വേണമെന്നാണ് ശിവസേനയുടെയും കോൺഗ്രസിന്‍റെയും ആവശ്യം. കളം മാറിച്ചവിട്ടിയെന്ന് അജിത് പവാർ അവകാശപ്പെട്ട ഭൂരിഭാഗം പേരെയും തിരിച്ച് പിടിച്ചെന്ന് തെളിയിക്കുന്നതാണ് മുംബൈയിൽ വൈ ബി ചവാൻ സെന്‍ററിൽ നടക്കുന്ന എൻസിപി നിയമസഭാ കക്ഷിയോഗം. 54 എംഎൽഎമാരാണ് എൻസിപിയ്ക്ക് ആകെയുള്ളത്. അജിത് പവാർ ഉൾപ്പടെ നാല് എംഎൽഎമാർ മാത്രമാണിപ്പോൾ ആ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്. ബാക്കി 50 എംഎൽഎമാരും തിരികെയെത്തി. 

ചിലരെ ബലം പ്രയോഗിച്ച് ദില്ലിയ്ക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് യോഗത്തിന് കൊണ്ടുവന്നതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. മുംബൈയിലെ ലളിത് ഹോട്ടലിൽ കഴിയുകയായിരുന്ന എൻസിപി എംഎൽഎമാർ ദില്ലിക്കുള്ള ചാർട്ടേഡ് വിമാനത്തിൽ കയറാൻ പോകവെ, ശിവസേനയുടെ ചില നേതാക്കൾ വളഞ്ഞിട്ട് പിടിച്ചാണ് തിരികെയെത്തിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അജിത് പവാറിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കിയിട്ടുമുണ്ട്.

ആശങ്ക വേണ്ടെന്നാണ് ശരദ് പവാർ കോൺഗ്രസ് നേതൃത്വത്തോട് പറയുന്നത്. ഭൂരിപക്ഷം തെളിയിക്കാൻ വേണ്ട എണ്ണം ഒപ്പമുണ്ടെന്നും, അജിത് പവാറിനൊപ്പം വെറും മൂന്ന് പേർ മാത്രമാണുള്ളതെന്നും, ശരദ് പവാർ ആവർത്തിക്കുന്നു. 

എന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിക്ക് ഏഴ് ദിവസത്തെ സമയം നൽകിയിട്ടുണ്ട് ഗവർണർ ഭഗത് സിംഗ് കോഷിയാരി. ഏഴ് ദിവസത്തിനകം ശിവസേന - എൻസിപി - കോൺഗ്രസ് ക്യാമ്പുകളിൽ നിന്ന് എംഎൽഎമാരെ പിടിക്കാൻ ബിജെപിക്ക് സമയമുണ്ട്. അതിനായി പല ക്യാമ്പുകളിലായി ബിജെപി വല വീശിയിട്ടുമുണ്ട്. ഇത് ഒഴിവാക്കാനാണ് ശിവസേന സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 

24 മണിക്കൂറിനുള്ളിൽ വിശ്വാസവോട്ട് വേണം

കുതിരക്കച്ചവടം തടയാൻ 24 മണിക്കൂറിനകം ഹർജി പരിഗണിക്കണമെന്നാണ് ശിവസേന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വൈകിട്ട് 8.23-നാണ് ശിവസേന ഈ ഹർജി സുപ്രീംകോടതി റജിസ്ട്രിയിൽ നൽകിയിരിക്കുന്നത്. ഗവർണർ തെറ്റായ രീതിയിൽ ഭരണഘടനാ സംവിധാനങ്ങളെ അട്ടിമറിക്കുന്ന രീതിയിലാണ് ദേവേന്ദ്ര ഫട്‍നവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചതെന്നും, ഭൂരിപക്ഷം തെളിയിക്കാനുള്ള ഒരു രേഖകളും പരിശോധിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. 

നവംബർ 10-ാം തീയതി സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് പറഞ്ഞ് പിൻമാറിയ പാർട്ടിയാണ് ഈ ബിജെപി. ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം വേണ്ടത്ര കിട്ടിയിട്ടും ഇതിനുള്ള എണ്ണം ബിജെപിക്ക് കിട്ടിയിട്ടില്ല. പിന്നെ എങ്ങനെയാണ് ഇപ്പോൾ ബിജെപി സർക്കാർ രൂപീകരിക്കുന്നത്? ശിവസേന ഹർജിയിൽ ചോദിക്കുന്നു. 

കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലാതെയാണ് രാഷ്ട്രപതി ഭരണം പിൻവലിക്കാനുള്ള ശുപാർശ പ്രധാനമന്ത്രി രാഷ്ട്രപതിഭവന് നൽകിയത്. സവിശേഷാധികാരം ഉപയോഗിച്ചാണ് നരേന്ദ്രമോദി ഇത് ചെയ്തത്. അടിയന്തരാവസ്ഥ പോലെ അപൂർവ ഘട്ടങ്ങളിൽ മാത്രമേ രാത്രിയുള്ള ഇത്തരം നീക്കങ്ങൾക്ക് രാഷ്ട്രപതിമാരും അംഗീകാരം നൽകിയിട്ടുള്ളൂ. ഇത്തരം ഒരു നീക്കം നടത്താനുള്ള അടിയന്തര സാഹചര്യമെന്തായിരുന്നെന്ന് വ്യക്തമാക്കണമെന്ന് ശിവസേന ഹർജിയിൽ ആവശ്യപ്പെടുന്നു. 

അർധരാത്രി നാടകങ്ങൾ എങ്ങനെ?

പുലർച്ചെ രണ്ടു മണിക്ക് ഗവർണ്ണർ ഭടത്സിംഗ് കോഷിയാരി രാഷ്ട്രപതി ഭരണം പിൻവലിക്കാനുള്ള ശുപാർശ ദില്ലിക്ക് അയച്ചു. പ്രധാനമന്ത്രി നാലുമണിക്ക് ഇതിന് അംഗീകാരം നൽകി. ആഭ്യന്തരസെക്രട്ടറി നാലരയ്ക്ക് അമിത് ഷായുടെ വസതിയിൽ. അഞ്ചുമണിക്ക് രാഷ്ട്രപതി ഭവനിലേക്ക് പോയ ആഭ്യന്തര സെക്രട്ടറി വിവരം രാഷ്ട്രപതിയെ അറിയിച്ചു. പത്തുമിനിറ്റിനുള്ളിൽ രാഷ്ട്രപതിയുടെ അംഗീകാരം. അങ്ങനെ പുലർച്ചെ 5.47-ന് രാഷ്ട്രപതി ഭരണം പിൻവലിച്ച് വിജ്ഞാപനം. ഗവർണർ ഉടൻ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണം നല്കുന്നു. എട്ടുമണിക്ക് സ്വകാര്യ വാർത്താ ഏജൻസിയുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ. വാർത്താ ഏജൻസി ഈ ദൃശ്യങ്ങൾ നൽകിത്തുടങ്ങിയപ്പോൾ മാത്രം മറ്റു മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും ഈ സത്യപ്രതിജ്ഞയെക്കുറിച്ച് അറിയുന്നു. 

കൂറുമാറ്റ നിരോധനനിയമം തുറുപ്പുചീട്ട്

എത്ര പേർ അജിത് പവാറിനൊപ്പം പോയി പിന്തുണയറിയിച്ചുകൊണ്ടുള്ള കത്തിൽ ഒപ്പുവച്ചെന്ന് ഇപ്പോഴും കോൺഗ്രസിന് അറിയില്ല. നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന അജിത് പവാർ ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യസർക്കാരിനായി പിന്തുണ പ്രഖ്യാപിച്ച് എംഎൽഎമാർ ഒപ്പുവച്ച കത്ത് ദുരുപയോഗം ചെയ്തോ എന്ന കാര്യത്തിലും വ്യക്തതയില്ല. എന്തായാലും കൂറുമാറ്റ നിരോധനനിയമം തന്നെയാണ് എൻസിപിയുടെയും കോൺഗ്രസിന്‍റെയും സേനയുടെയും തുറുപ്പുചീട്ട്. 

നിലവിൽ 54-ൽ 50 പേരും, ബലം പ്രയോഗിച്ചോ, അല്ലാതെയോ ശരദ് പവാർ വിളിച്ച് ചേർത്ത നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. കൂറുമാറ്റ നിരോധനനിയമം മറികടക്കാനുള്ള മൂന്നിൽ രണ്ട് സംഖ്യക്ക് 36 പേർ അജിത് പവാറിനൊപ്പം നിൽക്കണം. ഇല്ലെങ്കിൽ മറുകണ്ടം ചാടിയ എംഎൽഎമാർ അയോഗ്യരാകും.

ഇത് ഉറപ്പാക്കാനുള്ള രാഷ്ട്രീയ നാടകങ്ങൾക്ക് മഹാരാഷ്ട്ര ഇനി സാക്ഷ്യം വഹിക്കും. അന്വേഷണ ഏജൻസികളും ഇടപെടും. എൻഫോഴ്‍സ്മെന്‍റ് കേസും, അഴിമതിയാരോപണവും ഡെമോക്ലിസിന്‍റെ വാൾ പോലെ തലയിൽ തൂങ്ങിക്കിടക്കുന്ന അജിത് പവാറിന്‍റെ ചുവടുമാറ്റത്തിന് പിന്നിൽ ഇതെല്ലാമുണ്ടെന്ന് വ്യക്തം.

അജിത് പവാറിനൊപ്പം അത്രയും പേരില്ലെന്ന് ശരദ് പവാർ വ്യക്തമാക്കിക്കഴിഞ്ഞു. അജിത് പവാറിൽ നിന്ന് വിപ്പ് നൽകാനുള്ള അവകാശം എടുത്ത് മാറ്റിക്കൊണ്ടുള്ള പ്രമേയം പാസ്സാക്കിക്കഴിഞ്ഞു. യോഗത്തിൽ പങ്കെടുത്ത എംഎൽഎമാരുടെ ഒപ്പും എൻസിപി ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം കോടതിയിൽ എൻസിപി ഹാജരാക്കും. 

Follow Us:
Download App:
  • android
  • ios