മുംബൈ: മഹാരാഷ്ട്രയില്‍ കാര്‍ഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍. സഖ്യകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയതോടെയാണ്  ഉത്തരവ് പിന്‍വലിച്ചത്. ഉത്തരവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമം നടപ്പാക്കാനുള്ള ഉത്തരവിനെതിരെ പ്രധാന സഖ്യകക്ഷിയായ എന്‍സിപിയും രംഗത്തെത്തി.. 

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മൂന്ന് കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ നടപ്പാക്കണമെന്ന് ഓഗസ്റ്റ് 10നാണ് ഡയറക്ടര്‍ ഓഫ് മാര്‍ക്കറ്റിംഗ് സതീഷ് സോണി ഉല്‍പാദകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഉത്തരവ് നല്‍കിയത്. കേന്ദ്ര കാര്‍ഷിക സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. എന്നാല്‍, സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കോണ്‍ഗ്രസും എന്‍സിപിയും ശക്തമായി രംഗത്തെത്തി. വിവാദമായ ഓര്‍ഡിനന്‍സുകള്‍ കഴിഞ്ഞ ആഴ്ചയാണ് പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് പാര്‍ലമെന്റ് പാസാക്കിയത്.

കാര്‍ഷിക മേഖലയില്‍ കുത്തകവത്കരണത്തിന് അവസരമൊരുക്കുന്നതാണ് നിയമമെന്നും കര്‍ഷകന് താങ്ങുവില പോലും ഉറപ്പാക്കുന്നില്ലെന്നുമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. പഞ്ചാബ്, ഹരിയാന, ദില്ലി എന്നിവിടങ്ങളില്‍ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകരും രാഷ്ട്രീയ പാര്‍ട്ടികളും തെരുവിലിറങ്ങിയിരിക്കുകയാണ്. അതേസമയം, ചരിത്രപരമായ നിയമങ്ങളാണെന്നാണ് കേന്ദ്രസര്‍ക്കാറിന്റെയും ബിജെപിയുടെയും വാദം. ബില്ലില്‍ പ്രതിഷേധിച്ച് എന്‍ഡിഎയുടെ പ്രധാന സഖ്യകക്ഷിയായിരുന്ന അകാലിദള്‍ മുന്നണി വിട്ടു.