Asianet News MalayalamAsianet News Malayalam

'അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, ഇല്ലെങ്കില്‍ സബർബൻ ട്രെയിനുകൾ നിര്‍ത്തും'; കടുത്ത നിയന്ത്രണവുമായി മഹാരാഷ്ട്ര

രണ്ട് കോടിജനങ്ങൾ താമസിക്കുന്ന മുംബൈ നഗരത്തിൽ രോഗം അനിയന്ത്രിതമായി പടരാനിടയുണ്ട്. ഈ  സാഹചര്യത്തിലാണ് മുംബൈയുടെ ജീവനാഡിയെന്ന വിശേഷണമുള്ള സബർബൻ ട്രെയിനുകൾ നിർത്താൻ സർക്കാർ ആലോചിച്ചത്. 

Maharashtra impose more restriction and demand people should not travel if it is not urgent
Author
mumbai, First Published Mar 17, 2020, 7:11 PM IST

മുംബൈ: കൊവിഡ് രോഗികളുടെ എണ്ണം 40 കടന്ന മഹാരാഷ്ട്രയിൽ സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. അനാവശ്യ യാത്രകളൊഴിവാക്കി ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ സബർബൻ ട്രെയിനുകൾ നിർത്തേണ്ടി വരുമെന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം ഉദ്ദവ് മുന്നറിയിപ്പ് നൽകി. അതേസമയം വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ കൈകളിൽ സർക്കാർ മുദ്ര പതിച്ച് തുടങ്ങി.

രണ്ട് കോടിജനങ്ങൾ താമസിക്കുന്ന മുംബൈ നഗരത്തിൽ രോഗം അനിയന്ത്രിതമായി പടരാനിടയുണ്ട്. ഈ  സാഹചര്യത്തിലാണ് മുംബൈയുടെ ജീവനാഡിയെന്ന വിശേഷണമുള്ള സബർബൻ ട്രെയിനുകൾ നിർത്താൻ സർക്കാർ ആലോചിച്ചത്. എന്നാൽ അടിയന്തര മന്ത്രിസഭാ യോഗത്തിൽ കുറച്ച് കൂടെ കാത്തിരിക്കാനാണ് തീരുമാനം. അവശ്യ സർവീസുകളായ ബസും ട്രെയിനും നിർത്തേണ്ടി വന്നാൽ നഗരം നിശ്ചലമാവും. പക്ഷെ വരും ദിവസങ്ങളിൽ തിരക്ക് കുറഞ്ഞില്ലെങ്കിൽ സർവീസുകൾ നിർത്തും . 
ഇക്കാര്യത്തിൽ റെയിൽവേ മന്ത്രാലയവുമായി ആശയവിനിമയം നടത്തി. അതേസമയം ഏഴു ദിവസം സർക്കാർ ഓഫീസുകൾ അടച്ചിടാനുള്ള തീരുമാനത്തിൽ നിന്നും ഉദ്ദവ് താക്കറെ പിന്നോട്ട് പോയി. ഹാജർ അമ്പത് ശതമാനത്തിൽ കൂടാതെ നോക്കാനാണ് തീരുമാനം. ഇത് സ്വകാര്യ കമ്പനികൾക്കും ബാധകമാണ്. വീടുകളിലുള്ള രോഗികൾ പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ്  ഇടതുകൈയിൽ മുദ്ര പതിപ്പിച്ച് തുടങ്ങിയത്. 

വിമാനത്താവളത്തിൽ എത്തുന്ന വിദേശയാത്രക്കാർക്കും മുദ്ര പതിപ്പിക്കും. റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാൻ ആറ് ഡിവിഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് 10ൽ നിന്ന് 50 രൂപയാക്കാൻ മധ്യറെയിൽവേ തീരുമാനിച്ചു. മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിൽ നിന്നുള്ള 23 ട്രെയിൻ സർവ്വീസുകൾ മാർച്ച് 31വരെ റദ്ദാക്കിയിട്ടുമുണ്ട്. ശനി ശിഖ്നാപൂർ,സിർദ്ദി സായ് അടക്കം പ്രശസ്തമായ ആരാധനാലയങ്ങളെല്ലാം ദർശനം നിർത്തി.
 

Follow Us:
Download App:
  • android
  • ios