പ്രധാന പ്രതിപക്ഷ പാർട്ടിയായ സമാജ് വാദി പാർട്ടിയിൽ നിന്ന് ബി ജെ പിയിലേക്ക് ഒഴുക്ക് ഉണ്ടാകുമെന്നാണ് എസ് ബി എസ് പി നേതാവ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
ലഖ്നൗ: മഹാരാഷ്ട്രയിലെ എൻ സി പി അട്ടിമറിയിൽ പ്രതികരിച്ച് ഉത്തർപ്രദേശിലെ എസ് ബി എസ് പി നേതാവ്. നിലവിലെ സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ അട്ടിമറി ഉത്തർപ്രദേശിലും ആവർത്തിക്കുമെന്നാണ് എസ് ബി എസ് പി നേതാവ് ഓംപ്രകാശ് രാജ് ഭർ നൽകുന്ന മുന്നറിയിപ്പ്. പ്രധാന പ്രതിപക്ഷ പാർട്ടിയായ സമാജ് വാദി പാർട്ടിയിൽ നിന്ന് ബി ജെ പിയിലേക്ക് ഒഴുക്ക് ഉണ്ടാകുമെന്നാണ് എസ് ബി എസ് പി നേതാവ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന് കാരണം പ്രതിപക്ഷ നേതാവും എസ് പി അധ്യക്ഷനുമായ അഖിലേഷ് യാദവാണെന്നും ഓംപ്രകാശ് രാജ് ഭർ കുറ്റപ്പെടുത്തി. അഖിലേഷ് യാദവിന്‍റെ നേതൃത്വം സമാജ് വാദി പാർട്ടി എം എൽ എ മാർക്ക് മടുത്തു തുടങ്ങിയെന്നും രാജ്ഭർ കൂട്ടിച്ചേർത്തു. യു പിയിലെ എം എൽ എയും മുൻ മന്ത്രിയുമാണ് എസ് ബി എസ് പി നേതാവായ ഓംപ്രകാശ് രാജ് ഭർ.
അതേസമയം മഹാരാഷ്ട്രയിൽ എൻ സി പി പിളർത്തി ഉപമുഖ്യമന്ത്രിയായ പാർട്ടിയെ അജിത് പവാറിനെതിരെ നിയമ നടപടിക്കുള്ള തീരുമാനത്തിലാണ് ശരദ് പവാർ. ലോക്നാഥ് ഷിൻഡേ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ അജിതിനെയും കൂറുമാറിയ എം എൽ എമാരെയും അയോഗ്യരാക്കാനാൻ സ്പീക്കർക്ക് എൻ സി പി അധ്യക്ഷൻ ശരദ് പവാർ കത്ത് നൽകിയിട്ടുണ്ട്. അജിതിനും ഒപ്പം പോയ എം എൽ എമാർക്കുമെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും എൻ സി പി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നിൽ രണ്ട് എം എൽ എമാരുടെ ഭൂരിപക്ഷമുണ്ടെങ്കിലും മറ്റൊരു പാർട്ടിയിൽ ലയിക്കാതെ അജിത് പവാറിന് അയോഗ്യത പ്രശ്നം മറികടക്കാനാകില്ലെന്നാണ് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. എൻ സി പിയുടെ പരാതി സ്പീക്കറുടെ പരിശോധനയിലാണ്. സ്പീക്കറുടെ തീരൂമാനം എന്താകും എന്നറിയാൻ കാത്തിരിക്കുയാണ് എൻ സി പി നേതൃത്വം.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

