Asianet News MalayalamAsianet News Malayalam

ത്രികക്ഷി സഖ്യത്തിന് തിരിച്ചടി, ബിജെപിക്ക് സാവകാശം: സുപ്രീംകോടതി വിധി നാളെ

രണ്ട് കത്തുകളാണ് കോടതി പരിഗണിച്ചത് 

maharashtra politics supreme court decision
Author
Delhi, First Published Nov 25, 2019, 10:54 AM IST

ദില്ലി: മഹാരാഷ്ട്ര കേസിൽ സുപ്രീംകോടതിയിൽ വാദം പൂര്‍ത്തിയായി. വിശ്വാസ വോട്ടെടുപ്പ് എപ്പോൾ വേണമെന്ന കാര്യത്തിലെ ഉത്തരവ് നാളെ പത്തരക്ക് പറയാമെന്ന് സുപ്രീംകോടതി. വിശദമായ വാദം കേട്ടാണ് സുപ്രീംകോടതി തീരുമാനമെടുത്തത്. 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേന കോൺഗ്രസ് എൻസിപി കക്ഷികൾ ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് നടത്താൻ രണ്ടാഴ്ചത്തെ സമയം വേണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ശിവസേന എൻസിപി കോൺഗ്രസ് സഖ്യത്തിന്‍റെ ആവശ്യം കൊഴിഞ്ഞു പോക്ക് ഭയന്നാണെന്നും ബിജെപി വാദിച്ചു.

 ഇരുപത്തിനാലോ നാൽപ്പത്തെട്ടോ മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് വേണം. മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണം. വിശ്വാസ വോട്ടെടുപ്പ് നടപടികൾ എല്ലാവര്‍ക്കും കാണുന്ന വിധത്തിൽ സുതാര്യമാക്കണം എന്നീ മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും സേന എൻസിപി കോൺഗ്രസ് സഖ്യം ആവശ്യപ്പെട്ടത്. ഭരണഘടനാപരമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചതെന്നും വിശ്വാസ വോട്ടെടുപ്പ് എപ്പോൾ വേണമെന്ന് തീരുമാനിക്കാൻ ഗവര്‍ണര്‍ക്ക് അവകാശമുണ്ടെന്നും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. 

വിശദമായ വാദ പ്രതിവാദങ്ങളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സുപ്രീംകോടതിയിൽ ഉണ്ടായത്. മൂന്നംഗ ബെഞ്ചിന് മുന്നിൽ മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ ഹാജരായി. മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ രൂപീകരിക്കാൻ പിന്തുണ അറിയിച്ച് അജിത് പവാര്‍ ഗവര്‍ണര്‍ക്ക് നൽകിയത് വിശദമായ കത്താണെന്ന് ബിജെപി സുപ്രീംകോടതിയിൽ വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാരിനും ഗവര്‍ണറുടെ സെക്രട്ടറിക്കും വേണ്ടി ഹാജരായ തുഷാര്‍ മേത്തയാണ് സുപ്രീംകോടതിയിൽ കത്ത് ഹാജരാക്കിയത്. മൂന്നംഗ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ തന്നെ ഗവര്‍ണറുടെ കത്ത് കയ്യിലുണ്ടെന്നും. തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിലുണ്ടായ സംഭവങ്ങൾ വിശദീകരിക്കാൻ സമയം വേണമെന്ന് തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

54 പേരുടെ പിന്തുണ അവകാശപ്പെട്ട് അജിത് പവാര്‍ നൽകിയ കത്ത് തുഷാര്‍ മേത്ത സുപ്രീംകോടതിയിൽ വായിച്ചു. എൻസിപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ട് എന്ന് അവകാശവാദവും കത്തിലുണ്ട്. എംഎൽഎമാരുടെ പട്ടികയും കത്തിനൊപ്പം ഗവര്‍ണര്‍ക്ക് നൽകിയിട്ടുണ്ട്. ഗവര്‍ണര്‍ പുറത്തിറങ്ങി നടന്ന് പിന്തുണ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കേണ്ട കാര്യം ഗവര്‍ണര്‍ക്ക് ഇല്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി നൽകിയതെന്ന വിശദീകരണമാണ് സുപ്രീംകോടതിയിൽ തുഷാര്‍ മേത്ത വ്യക്തമാക്കിയത്. 

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടെന്നും രേഖകൾ വ്യാജമല്ലെന്നും ദേവേന്ദ്ര ഫഡ്നാവിസിന് വേണ്ടി ഹാജരായ മുകുൾ റോത്തഗി വാദിച്ചു. പവാര്‍ കുടുംബത്തിലെ തര്‍ക്കങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ഒരു പവാര്‍ അവിടെയും ഒരാൾ ഇവിടെയും ആണ്.  

ഇപ്പോഴത്തെ പ്രശ്നം മുഖ്യമന്ത്രിക്ക് ഇപ്പോൾ ഭൂരിപക്ഷം ഉണ്ടോ എന്നതാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. അത് വിശ്വാസ വോട്ടെടുപ്പിലൂടെ തെളിയിക്കണം. വിശ്വസ വോട്ടെടുപ്പ് നടത്തണം, പക്ഷെ അത് ഇത്ര ദിവസത്തിനുളളിൽ എന്ന് നിർദേശിക്കാൻ ആവില്ലെന്നും മുകുൾ റോത്തഗി കോടതിയിൽ പറഞ്ഞു. ഗവര്‍ണറുടെ അധികാരത്തിൽ ഇടപെടാൻ അധികാരമില്ല. ഭരണഘടനാപരമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചത്. 

54 എംഎൽഎമാരുടെ പിന്തുണ അറിയിച്ച് നൽകിയ കത്ത് നയമപരമായും ഭരണഘടനാപരമായും നിലനിൽക്കുന്നതാണെന്ന് അജിത് പവാര്‍ കോടതിയിൽ പറഞ്ഞു. ഞാനാണ് എൻസിപി. നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലാണ് കത്ത് നൽകിയതെന്നും അജിത് പവാര്‍ കോടതിയിൽ വാദിച്ചു.

ഹര്‍ജിയുടെ അടിസ്ഥാനത്തിൽ ഒരു ഇടക്കാല ഉത്തരവും നൽകാൻ കോടതിക്ക് അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിക്കുമ്പോഴും 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തിയതിന്‍റെ ചരിത്രം ഉണ്ടെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന  ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു. ഗവര്‍ണര്‍ക്ക് മുന്നിലല്ല നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്നും സുപ്രീംകോടതി പറ‍ഞ്ഞു.

പുലർച്ചെ രാഷ്ട്രപതി ഭരണം പിൻവലിക്കാനും രാവിലെ സത്യപ്രതിഞ്ഞ നടത്താനും എന്തു അടിയന്തിര സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നതെന്ന് സേന എൻസിപി കോൺഗ്രസ് സഖ്യത്തിന് വേണ്ടി കപിൽ സിബൽ കോടതിയിൽ ചോദിച്ചു. ഇതാണ് ഈ കേസിന്‍റെ ഏറ്റവും പ്രാധാന കാര്യം. ഗവര്‍ണര്‍ ബിജെപിക്ക് വേണ്ടി നിലപാടെടുത്തു. ബിജെപി ശിവസേന നീക്ക് പോക്ക് വിജയിക്കുമോ എന്ന് കാത്തിരിക്കുകയാണ് ഗവര്‍ണര്‍ ചെയ്തതത്. അജിത് പവാര്‍ നൽകിയ കത്ത് വ്യാജമാണെന്ന് സഖ്യ നേതാക്കൾക്ക് വേണ്ടി കപിൽ സിബൽ കോടതിയിൽ പറഞ്ഞു. ജനാധിപത്യത്തിന് കളങ്കമുണ്ടാക്കുന്ന നടപടിയാണ് അജിത് പവാറിന്‍റെ നടപടിയെന്ന് മനു അഭിഷേക് സിംഗ്‍വി കപിൽ സിബലിനെ പിന്തുണച്ച് വാദിച്ചു. 

പ്രോടെം സ്പീക്കറുടെ നേതൃത്വത്തിൽ വിശ്വാസ വോട്ടെടുപ്പ് നടക്കണമെന്നും അത് 24 മണിക്കൂറിനകം വേണമെന്നും ശിവസേന വാദിക്കുമ്പോൾ രണ്ടാഴ്ചത്തെ സമയം വേണമെന്നാണ് മുകുൾ റോത്തഗി ആവശ്യപ്പെടുന്നത്.

സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവർണ്ണർ നൽകിയ കത്തും, ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫട്നാവിസ് നൽകിയ കത്തുമാണ് കോടതി പരിശോധിച്ചത്. പത്തരക്ക് കോടതി ചേരുന്നതിന് മുൻപ് രേഖകൾ എത്തിക്കണമെന്നായിരുന്നു കേസ് പരിഗണിച്ച കോടതി ഞായറാഴ്ച നൽകിയ നിർദ്ദേശം. 

തുടര്‍ന്ന് വായിക്കാം:  'മഹാ'നാടകം: കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന നേതാക്കള്‍ രാജ്ഭവനില്‍,സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന...

ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാരിന് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ നടപടി റദ്ദു ചെയ്യുക, 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടുക തുടങ്ങിയആവശ്യങ്ങളുന്നയിച്ചാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സുപ്രീം കോടതിയെ സമീപിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്ന് ദിവസത്തെ സാവകാശം വേണമെന്ന ബിജെപി ആവശ്യവും തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്.

തുടര്‍ന്ന് വായിക്കാം: അജിത് പവാർ ഗവർണർക്ക് നൽകിയ കത്തിൽ എല്ലാ എൻസിപി എംഎൽഎമാരും ഒപ്പുവച്ചിട്ടുണ്ടെന്ന് മുകുൾ റോത്തഗി

Follow Us:
Download App:
  • android
  • ios