വിമത എംഎൽഎമാരെ അർധരാത്രിയോടെ ചാർട്ടേഡ് വിമാനത്തിൽ അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ട് പോയി

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയ്ക്കുള്ളിലെ വിമത നീക്കത്തെ തുടർന്ന് സർക്കാരിന്‍റെ ഭാവി അനിശ്ചിതത്വത്തിൽ. വിമത എംഎൽഎമാരെ അർധരാത്രിയോടെ ചാർട്ടേഡ് വിമാനത്തിൽ അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ട് പോയി. 34 എംഎൽഎമാരോടൊപ്പമുള്ള ചിത്രവും ഏക്നാഥ് ഷിൻഡേ ക്യാമ്പിൽ നിന്ന് പുറത്ത് വന്നു. 32 ശിവസേന എംഎൽഎമാരും രണ്ട് പ്രഹാർ ജനശക്തി എംഎൽഎമാരുമാണ് ഷിൻഡേക്കൊപ്പമുള്ളത്. മുംബൈയിൽ ഇന്ന് നിർണായക മന്ത്രിസഭായോഗം ചേരും.

YouTube video player

ബിജെപിക്കൊപ്പം നിന്ന് പുതിയ സർക്കാരുണ്ടാക്കാതെ വഴങ്ങില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിമത നീക്കത്തെ നയിക്കുന്ന മന്ത്രിയും മുതിർന്ന ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിൻഡേ. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഫോണിൽ വിളിച്ച് നടത്തിയ അനുരഞ്ജന നീക്കങ്ങളോടും അദ്ദേഹം വഴങ്ങിയില്ല. എന്നാൽ ഒപ്പമുള്ള വിമത എംഎൽഎമാരിൽ ചിലർ തിരികെ പോവാൻ ശ്രമിച്ചതായാണ് സൂചന. അങ്ങനെയാണ് സൂറത്തിൽ നിന്നും മറ്റൊരു സുരക്ഷിത ഇടത്തിലേക്ക് എംഎൽഎമാരെ മാറ്റാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. 21 എംഎൽഎമാർ ഇപ്പോൾ ഒപ്പമുണ്ടെന്നും 35ഓളം പേരുടെ പിന്തുണയുണ്ടെന്നുമാണ് ഷിൻഡേയുടെ അവകാശ വാദം. 

എന്നാൽ എംഎൽഎമാരെ തട്ടിക്കൊണ്ട് പോയതാണെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. നിതീഷ് ദേശ്മുഖിനെ പോലെ രക്ഷപ്പെടാൻ ശ്രമിച്ചവരെ മർദ്ദിച്ച് അവശരാക്കിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ബിജെപി ഭരിക്കുന്ന ഗുജറാത്ത് സർക്കാരിനെയും ഇക്കാര്യത്തിൽ അദ്ദേഹം പ്രതിക്കൂട്ടിൽ നിർത്തുന്നു. ശിവസേനാ നേതൃത്വത്തിനൊപ്പമുള്ള എംഎൽഎമാരെ മുംബൈയിലെ ഒരു ഹോട്ടലിലേക്ക് രാത്രിയോടെ മാറ്റി. 33 പേർ ഇപ്പോഴും നേതൃത്വത്തിനൊപ്പം എന്നാണ് ശിവസേനയുടെ അവകാശ വാദം. ഇന്ന് നിർണായക മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. മുംബൈയിലെത്തിയ എൻസിപി അധ്യക്ഷൻ ശരദ് പവാർ രാവിലെ ഉദ്ദവ് താക്കറെയെ കണ്ടേക്കും.സ്ഥിതി വിലയിരുത്താൻ കോൺഗ്രസ് അയച്ച നിരീക്ഷകൻ മുതി‍ർന്ന നേതാവ് കമൽനാഥും ഇന്ന് മുംബൈയിലെത്തും.